തിരുവനന്തപുരം: ഇന്ത്യയും നെതർലാൻഡ്സും തമ്മിലെ ലോകകപ്പ് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന മത്സരം ഒറ്റ പന്ത് പോലും എറിയാനാവാതെയാണ് ഉപേക്ഷിച്ചത്. ഇടക്ക് മഴമാറി ഗ്രൗണ്ടിലെ കവറുകൾ മാറ്റിയെങ്കിലും വീണ്ടും മഴയെത്തുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. നെതർലാൻഡ്സ് ആസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിച്ചെങ്കിലും കളി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മറുപടി ഇന്നിങ്സിൽ 14.2 ഓവർ മാത്രമേ അവർക്ക് ബാറ്റു ചെയ്യാനായുള്ളൂ. ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനത്തിന് ഇറങ്ങിയിരുന്നു.
അതേസമയം, ഹൈദരാബാദിൽ നടക്കുന്ന ആസ്ട്രേലിയ-പാകിസ്താൻ സന്നാഹ മത്സരവും ഗുവാഹത്തിയിൽ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരവും പുരോഗമിക്കുകയാണ്. ഹൈദരാബാദിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ 32 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന നിലയിലാണ്. ഗുവാഹത്തിയിൽ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 27 ഓവറിൽ രണ്ടിന് 216 റൺസെന്ന ശക്തമായ നിലയിലാണ്.