ഛത്തീസ്ഗഢ്: സംസ്ഥാനത്ത് 27,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ബസ്തർ മേഖലയിലെ ദന്തേശ്വരി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് വിവിധ വികസന പദ്ധതികൾ മോദി പ്രഖാപിച്ചത്. ചടങ്ങിൽ 23,800 കോടി രൂപ ചെലവിൽ നിർമിച്ച നഗർനാറിലെ സ്റ്റീൽ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ എല്ലാ കോണുകളും വികസിക്കുമ്പോൾ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് പൂർത്തീകരിക്കുകയാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. ബസ്തറിനെ ലോകത്തിന്റെ ഉരുക്ക് ഭൂപടത്തിൽ ഉൾപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്യുമെന്നും അത് രാജ്യത്തിൻറെ പുരോഗതിയിലേക്കുള്ള കാൽവെപ്പായിരിക്കുമെന്നും മോദി പറഞ്ഞു.
അന്തഗഢിനും തരോക്കിക്കും ഇടയിൽ പുതിയ റെയിൽപാതയും ജഗദൽപൂരിനും ദന്തേവാരക്കും ഇടയിൽ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിയും നാടിനായി സമർപ്പിച്ചു. കൂടാതെ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിലുള്ള ബോറിഡണ്ട് – സൂരജ്പൂർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെയും ജഗദൽപൂർ സ്റ്റേഷൻ വികസന പദ്ധതിയുടെയും തറക്കല്ലിടലും നിർവഹിച്ചു. തരോക്കി-റായ്പൂർ ഡെമു ട്രെയിൻ സർവിസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ റെയിൽ പദ്ധതികൾ ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളെ മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ഇത്തരം പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങളും പുതിയ ജീവിത സാഹചര്യങ്ങളും പ്രദേശവാസികൾക്ക് പ്രധാനം ചെയ്യുമെന്നും മേഖലയുടെ സാമ്പത്തിക വികസനത്തിന് സഹായിക്കുമെന്നും അവർ വ്യക്തമാക്കി.