മുംബൈ ∙ ബോംബെ ഐഐടി ഹോസ്റ്റലിൽ ‘വെജിറ്റേറിയൻ ഓൺലി’ ടേബിളിലിരുന്നു മാംസാഹാരം കഴിച്ചു പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി. ഒരു വിദ്യാർഥിക്ക് 10,000 രൂപ പിഴ ചുമത്തി. പ്രതിഷേധിച്ചവരെന്നു സംശയമുള്ള മറ്റു രണ്ടു പേരെ കണ്ടെത്താൻ അന്വേഷണവും പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് നടന്ന സംഭവത്തിലാണു നടപടി.12, 13, 14 ഹോസ്റ്റലുകളിലെ മെസ്സ് കൗൺസിലാണ് ‘അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനും’ മെസ്സ് ചട്ടങ്ങൾ ലംഘിച്ചതിനും പിഴ ചുമത്തിയത്. സസ്യാഹാരം വിളമ്പാൻ മാത്രമായി മാറ്റിവച്ച സ്ഥലത്ത്, പിഴ ചുമത്തപ്പെട്ട വിദ്യാർഥി രണ്ടു സഹപാഠികൾക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി മാംസാഹാരം കഴിച്ചെന്നാണ് ആരോപണം. പ്രതിഷേധിച്ച മറ്റു രണ്ടുപേരെ കണ്ടെത്തിയാൽ അവർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. വാർഡൻ ഉൾപ്പെടെ നാലു പ്രഫസർമാർ, 3 വിദ്യാർഥി പ്രതിനിധികൾ എന്നിവരാണു കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്.
ഹോസ്റ്റൽ കന്റീനിൽ അടുത്തിടെ ‘വെജിറ്റേറിയൻ ഓൺലി’ പോസ്റ്ററുകൾ പതിച്ചതു വിവാദമായിരുന്നു. കന്റീനിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അനുവാദം ഉള്ളപ്പോഴാണ് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ഇടമില്ലെന്ന മട്ടിൽ വ്യാപകമായി പോസ്റ്ററുകൾ ഒട്ടിച്ചത്. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ വിദ്യാർഥി കൂട്ടായ്മ പോസ്റ്ററുകൾ നശിപ്പിച്ചിരുന്നു.
പോസ്റ്റർ പതിച്ചത് ആരാണെന്ന് അറിയില്ലെന്നും വെജിറ്റേറിയനും നോൺ വെജിറ്റേറിയനും കഴിക്കുന്നവരുടെ ഇരിപ്പിടങ്ങൾ തമ്മിൽ വേർതിരിവില്ലെന്നും ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കി. പ്രതിഷേധിച്ച വിദ്യാർഥികൾ ഹോസ്റ്റൽ നിയമങ്ങൾ ലംഘിച്ചതായും മനപ്പൂർവം സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നുമാണു മെസ്സ് കൗൺസിൽ ഇപ്പോൾ പറയുന്നത്. നടപടിയെ അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ വിദ്യാർഥി കൂട്ടായ്മ അപലപിച്ചു.