ദില്ലി: സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആർമി ക്യാമ്പുകളാണ് പ്രളയജലത്തിൽ മുങ്ങിയത്. 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങൾ അറിയിച്ചു. കാണാതായവർക്കായി സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായി. ജനവാസ മേഖലകളും പ്രളയജലത്തിൽ മുങ്ങി. നിരവധി റോഡുകള്‍ തകര്‍ന്നു. സിങ്താമിന് സമീപമുള്ള ബർദാംഗിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടിൽ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.