ദില്ലി : ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി, എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിലെ ആവശ്യം. വിഷയത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.
ന്യൂസ് ക്ലിക്കിനെതരായ ദില്ലി പൊലീസിന്റെ നടപടിയിൽ മാധ്യമ സംഘടനകൾ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു.