കൊച്ചി∙ രജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വർണവില കുറയുന്നു. പവന് 45,760 രൂപ വരെ ഉയർന്ന വില 42,080 രൂപയിലേക്ക് ഇടിഞ്ഞു. അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാൻ കാരണം. ട്രോയ് ഔൺസിന് 2077 ഡോളർ വരെ ഉയർന്ന വില ഇപ്പോൾ 1817 ആയി കുറഞ്ഞു. ഏതാണ്ട് 250 ഡോളറിന്റെ ഇടിവ്. എന്നാൽ, ഡോളർ ശക്തമാകുന്നതിനനുസരിച്ച് രൂപയുടെ മൂല്യം കുറയുന്നതിനാൽ ആഭ്യന്തര വിപണിയിൽ വിലക്കുറവ് അതേ അനുപാതത്തിൽ ഉപയോക്താക്കൾക്കു ലഭ്യമാകുന്നില്ല.
രാജ്യാന്തര വിലയോടൊപ്പം രൂപയുടെ വിനിമയ നിരക്കുകൂടി കണക്കിലെടുത്ത് പ്രതിദിനം സ്വർണവില നിശ്ചയിക്കുന്നതിനാലാണിത്. ഡോളറിനെതിരെ 83.20 എന്ന നിലവാരത്തിലാണ് രൂപ. ഉത്സവ സീസണിൽ വില കുറഞ്ഞതോടെ വിപണിയിൽ തിരക്കേറി. സ്വർണത്തോടൊപ്പം മറ്റ് മൂല്യമേറിയ ലോഹങ്ങളുടെ വിലയും ഇടിയുകയാണ്. വെള്ളിവില 1.5 വർഷത്തെ താഴ്ന്ന നിലവാരത്തിലാണ്. ഒരു കിലോഗ്രാമിന്റെ വിലയിൽ ഒരാഴ്ചകൊണ്ട് 8000 രൂപയാണ് ഇടിഞ്ഞത്.
വില ഇനിയും കുറയുമോ?
അമേരിക്കയിൽ ട്രഷറി വരുമാനം ഉയരുന്നതും പലിശനിരക്ക് ഇനിയും ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് ഡോളറിന്റെ ഡിമാൻഡ് ഉയർത്തുന്നത്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ ഡോളർ ഇൻഡക്സ് 99.60 ൽ നിന്ന് 107 ലേക്ക് ഉയർന്നു. 30 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 2007നു ശേഷമുള്ള ഉയരത്തിൽ. ആഗോളതലത്തിൽ നിലനിൽക്കുന്ന മാന്ദ്യസാഹചര്യങ്ങൾക്കൂടി പരിഗണിച്ചാൽ 1700 ഡോളറിലേക്ക് വില കുറയാനുള്ള സാധ്യതകളുണ്ട്.
1780 ഡോളറിൽ ശക്തമായ പിന്തുണയുള്ള സ്വർണം ഈ നിലവാരം ഭേദിച്ചാൽ 1700 നിലവാരത്തിലേക്ക് ഇടിഞ്ഞേക്കും. അതേസമയം, സ്വർണവിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾക്കു മാത്രമേ സാധ്യതകളുള്ളൂ എന്ന വിലയിരുത്തലുമുണ്ട്. കുറഞ്ഞ വിലയിൽ, വൻകിട നിക്ഷേപകരിൽ നിന്നുള്ള ഡിമാൻഡ് ഉയർന്നാൽ വില വീണ്ടും 1900 ഡോളർ കടന്നു മുന്നേറിയേക്കും.