കൊച്ചി > കളമശ്ശേരി എച്ച്എംടി ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർദേശിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.എച്ച്എംടി ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കണം. നിലവിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്ന അപ്പോളോ ജംഗ്ഷനിലെ ബസ് സ്റ്റോപ് ഉൾപ്പെടെയുള്ളത് പുന ക്രമീകരിക്കാൻ ദേശീയ പാത അതോറിറ്റി, പോലീസ് എന്നിവർക്ക് നിർദ്ദേശം നൽകി.
എച്ച്എംടി ജംഗ്ഷനിൽ സ്ഥിരമായി കേടുപാടുകൾ സംഭവിക്കുന്ന റോഡുകളിൽ ശാശ്വത പരിഹാരത്തിന് നടപടികൾ സ്വീകരിക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകി. സ്ഥിരമായി കേടുപാടുകൾ സംഭവിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി 15 ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്ന് പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എച്ച്എംടി ജംഗ്ഷൻ, മെഡിക്കൽ കോളേജ് റോഡിൽനിന്ന് കാക്കനാട് ഭാഗത്തേക്ക് തിരിയുന്ന ഭാഗം വരെ 13 ക്രോസിങ്ങുകളാണ് നിലവിലുള്ളത്. ഈ ക്രോസിങ്ങുകളുടെ എണ്ണം കുറച്ച് മീഡിയൻ ഭംഗിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ആര്യാസ് ജംഗ്ഷനിലെ സിഗ്നലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഗതാഗത തടസ്സം കൂടുതലുള്ള സമയങ്ങളിൽ മാന്വുവലായി ട്രാഫിക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. ജംഗ്ഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിംങ് രണ്ട് ലൈനുകളായി നിയന്ത്രിക്കണം. കൂടാതെ മറ്റു വാഹനങ്ങൾ ജംഗ്ഷനിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. സെൻ്റ് പോൾസ് സ്കൂൾ, മറ്റു വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ സ്കൂൾ പരിസരത്ത് മാത്രം പാർക്ക് ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. വിദ്യാലയങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ അനധികൃതമായി റോഡിലും മറ്റും പാർക്ക് ചെയ്യുന്നത് തടയണം. ഇതിനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്കൂൾ അധികൃതരുടെയും യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ ഭാഗങ്ങളിലും ക്യാമറ സംവിധാനം ഏർപ്പെടുത്തണം. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കാനകളിലടിഞ്ഞുകൂടിയ ചളിയും മാലിന്യവും അതിവേഗത്തിൽ നീക്കം ചെയ്യുന്നതിന് കൊച്ചി കോർപ്പറേഷൻ സക്ഷൻ കം ജെറ്റിങ്ങ് യന്ത്രം ലഭ്യമാക്കണം. മുൻസിപ്പാലിറ്റി, എൻ എച്ച് എ ഐ, മെട്രോ എന്നിവയുടെ സഹകരണത്തോടെ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണം. ടിവിഎസ് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കലുങ്ക് നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ ടിവിഎസ് ജംഗ്ഷനിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലത്ത് ഇത് ഒഴിവാക്കുന്നതിനായി ആവശ്യമായ മാറ്റം വരുത്തും. ഈ ഭാഗത്തെ റോഡ് ക്രോസിങ്ങിലെ പ്രശ്നങ്ങൾ ടെക്നിക്കൽ ടീം പരിശോധിക്കണം. സീബ്ര ലൈൻ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ മഴ മാറിയതിനു ശേഷം സ്വീകരിക്കും.
എച്ച്.എം.ടി ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങളും മറ്റും ഒഴിവാക്കുന്നതിന് ബൗണ്ടറി മാർക്ക് ചെയ്യുന്നതിന് റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചു. മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി കൽവെർട്ടുകൾ നിർമ്മിക്കുന്നതിന് ടെൻഡർ നടപടി പൂർത്തിയായി. നിർമ്മാണ നടപടികൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, മുൻ എംഎൽഎ എ.എം യൂസഫ്, ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. എം. ശിൽപ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ബഷീർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.