പരമ്പരാഗതമായി തന്നെ ഔഷധഗുണങ്ങളുള്ള ഭക്ഷണസാധനങ്ങളായാണ് ചെറുനാരങ്ങയും, ഇഞ്ചിയും, വെളുത്തുള്ളിയുമെല്ലാം കണക്കാക്കപ്പെടുന്നത്. പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കുന്നതിനും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമെല്ലാം ഇവ സഹായകമാണ്. ഇവയും ഇവയ്ക്ക് പുറമെ മറ്റ് ചില ഭക്ഷണസാധനങ്ങളും നമ്മുടെ ആരോഗ്യത്തിനേകുന്നൊരു ഗുണത്തെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. നിങ്ങള്‍ ‘ഡീടോക്സ്’ എന്ന് കേട്ടിട്ടുണ്ടോ? ‘ഡീടോക്സ്’ ചെയ്യുക, ‘ഡീടോക്സിഫയിംഗ്’ ഭക്ഷണങ്ങള്‍ – പാനീയങ്ങള്‍ എന്നെല്ലാം പറയുന്നത് ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കാം.നമ്മുടെ ശരീരത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഘടകങ്ങളെടുത്ത് ബാക്കിയായി വരുന്നവ പുറന്തള്ളുന്ന, അല്ലെങ്കില്‍ നമുക്ക് ഹാനികരമായി- അകത്തെത്തുന്ന വിഷാംശമുള്ള പദാര്‍ത്ഥങ്ങള്‍ തിരികെ പുറന്തള്ളുന്ന പരിപാടിയാണ് ‘ഡീടോക്സിഫിക്കേഷൻ’.
പ്രകൃതിദത്തമായി ഇത് ശരീരം നിര്‍വഹിക്കുന്നത് കരളിന്‍റെയും വൃക്കകളുടെയും സഹായത്തോടെയാണ്. ഈ അവയവങ്ങളാണ് നമുക്ക് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ അരിച്ചെടുത്ത് പുറന്തള്ളുന്നത്. എന്നാല്‍ ചില ഭക്ഷണ- പാനീയങ്ങള്‍ ഇത്തരത്തില്‍ ‘ഡീടോക്സിഫിക്കേഷൻ’ പ്രക്രിയ കുറെക്കൂടി എളുപ്പത്തിലാക്കാനും ഫലപ്രദമാക്കാനും സഹായിക്കും.
അങ്ങനെയുള്ള ഭക്ഷണങ്ങളാണ് ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി എല്ലാം. ഇവയെ കുറിച്ച് കൂടുതലറിയൂ.
ചെറുനാരങ്ങ…
കരളിനെ ‘ക്ലീൻ’ ആക്കി നിര്‍ത്താനും ദഹനത്തിനും ഡീടോക്സിഫിക്കേഷനും സഹായിക്കുന്ന പിത്തരസം കൂടുതലായി ഉത്പാദിപ്പിക്കാനുമെല്ലാം ചെറുനാരങ്ങ സഹായിക്കുന്നു.
വെളുത്തുള്ളി…
വെളുത്തുള്ളിയും കരളിനെ തന്നെയാണ് കാര്യമായി സ്വാധീനിക്കുന്നത്. വിഷാംശമുള്ള പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതിന് കരളിനെ, വെളുത്തുള്ളി പ്രചോദിപ്പിക്കുന്നു.
ബീറ്റ്റൂട്ട്…
ബിറ്റ്റൂട്ടിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് കരളിന്‍റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ഇതിലൂടെ ശരീരത്തില്‍ നിന്ന് വേണ്ടാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി…
ഇഞ്ചി, നമുക്കറിയാം ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്നൊരു ഘടകമാണ്. ഇതിലൂടെ തന്നെ എളുപ്പത്തില്‍ നമുക്ക് വേണ്ടാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതിനുള്ള പ്രക്രിയയില്‍ ഇഞ്ചി വലിയ പങ്കാളിയാകുന്നു.
മഞ്ഞള്‍…
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ എന്ന ഘടകം ഡീടോക്സിഫിക്കേഷൻ പ്രക്രിയ ചെയ്യുന്നതില്‍ കരളിനെ കാര്യമായി പിന്തുണയ്ക്കുന്നു.
ഗ്രീൻ ടീ…
ഗ്രീൻ ടീയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സായ ‘കാറ്റെചിൻസ്’ ഡീടോക്സിഫിക്കേഷനായി കരളിനെ പിന്തുണയ്ക്കുന്നു.
കാബേജ്…
നമ്മള്‍ സാധാരണഗതിയില്‍ ഒരു പച്ചക്കറി, ഒരു വിഭവം എന്ന നിലയില്‍ മാത്രം കണക്കാക്കുന്ന ഒന്നായിരിക്കും കാബേജ്. പക്ഷേ ഇതും ഡീടോക്സിഫിക്കേഷനെ പ്രചോദിപ്പിക്കുന്നുണ്ട്. കാബേജിലുള്ള സള്‍ഫര്‍ കോമ്പൗണ്ടുകളാണ് ഇതിന് സഹായിക്കുന്നത്.
ഇലക്കറികള്‍…
ചീര, മുരിങ്ങ പോലുള്ള ഇലക്കറികളും ഡീടോക്സിഫിക്കേഷനെ ത്വരിതപ്പെടുത്തുന്നു. കരളിനെ ശുദ്ധീകരിക്കുന്നതിലും ഇവ നല്ലൊരു പങ്ക് വഹിക്കുന്നു.