ന്യൂഡൽഹി > വരുമാനപരിധി താഴ്‌ത്തി നിശ്‌ചയിച്ചിട്ടും ഗുജറാത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്നുപേർ ദാരിദ്ര്യരേഖയ്‌ക്ക് താഴെ. സംസ്ഥാനത്ത് 31.61 ലക്ഷം കുടുംബം ബിപിഎൽ വിഭാഗത്തിലാണെന്ന് ഗ്രാമവികസന മന്ത്രി ബച്ചുഭായ് മഗൻഭായ് ഖബാദ് നിയമസഭയിൽ മറുപടി നൽകി. 16.28 ലക്ഷം കുടുംബം അതിദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
ഒരു കുടുംബത്തിൽ ആറ് അംഗങ്ങൾ എന്ന ശരാശരി എടുത്താൽ ഗുജറാത്തിൽ 1.89 കോടി ആളുകൾ ബിപിഎൽ വിഭാഗത്തിലാണെന്ന് സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഹേമന്ത് കുമാർ ഷാ പറഞ്ഞു. ആറ് കോടിയിൽപരമാണ് ഗുജറാത്ത് ജനസംഖ്യ.
പ്രതിമാസം ഗ്രാമപ്രദേശങ്ങളിൽ 816 രൂപയോ നഗരങ്ങളിൽ ആയിരം രൂപയോ എങ്കിലും വരുമാനം ഇല്ലാത്തവരെയാണ് ബിപിഎൽ വിഭാഗത്തിൽപെടുത്തിയത്; പ്രതിദിന വരുമാനം എടുത്താൽ ഗ്രാമങ്ങളിൽ 26 രൂപയും നഗരങ്ങളിൽ 32 രൂപയും. വർഷന്തോറും ബിപിഎൽ വിഭാഗത്തിലെ കുടുംബങ്ങളുടെ എണ്ണം വർധിച്ചുവരികയാണെന്നും മറുപടിയിൽ വ്യക്തമായി. 2020–-21ൽ 1,047 കുടുംബം കൂടി ബിപിഎൽ വിഭാഗത്തിലേയ്‌ക്ക് വന്നപ്പോൾ കരകയറിയത് 14 കുടുംബം മാത്രം. 2021–-22ൽ 1,751 കുടുംബം കൂടി ദാരിദ്ര്യരേഖയ്‌ക്ക് താഴെ വന്നു. മുകളിലെത്തിയത് രണ്ട് കുടുംബം മാത്രം.