കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ യുവജോത്സ്യനെ മയക്കിക്കിടത്തി പന്ത്രണ്ടര പവൻ സ്വർണവും പണവും ഫോണും കവർന്ന കേസില്‍ യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയയാണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വെച്ചായിരുന്നു കവര്‍ച്ചയെന്ന് പോലീസ് അറിയിച്ചു.
ഫേസ്‍ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ടത്. ‘ആതിര’ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇത് സ്വീകരിച്ചതോടെ ജോത്സ്യനോട് പൂജകളെക്കുറിച്ചും ദോശം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് അടുപ്പം സ്ഥാപിച്ച ശേഷം ജ്യോതിഷ സംബന്ധമായ ആവശ്യങ്ങള്‍ പറഞ്ഞാണ് യുവാവിനെ അന്‍സി കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് തന്റെ സുഹൃത്തായ അരുണ്‍ എന്നയാളെ കാണാമെന്ന് പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിൽ എത്തിച്ചു.
ഭാര്യാ ഭർത്താക്കൻമാരാണെന്ന് പറഞ്ഞാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവിടെ വെച്ച് യുവതി യുവാവിന് ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു. ജോത്സ്യന്റെ അഞ്ച് പവന്റെ മാല, മൂന്ന് പവന്റെ ചെയിന്‍, മോതിരം എന്നിവയടക്കം പന്ത്രണ്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പണവും യുവതി കൈക്കലാക്കി. ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകുന്നേരം വിളിച്ചുണര്‍ത്തണമെന്നും ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞേല്‍പ്പിച്ച ശേഷമാണ് അൻസി സ്ഥലം വിട്ടത്.
യുവതി പറഞ്ഞത് അനുസരിച്ച് വൈകുന്നേരം ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് ജോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാര്‍ വിവരം പോലീസിനെ വിവരം അറിയിച്ചു. എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് അൻസി പിടിയിലായത്.