കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും എന്‍ഫോഴ്സ്മെന്‍റ് ഡിപാര്‍ട്ട്മെന്‍റ് (ഇഡി) റെയ്ഡ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രതിന്‍ ഘോഷിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇഡി പരിശോധന. 12 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നേരത്തെയും ഇഡി റെയ്ഡ് നടന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഇപ്പോള്‍ മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് രത്തിന്‍ ഘോഷ്. 24 നോര്‍ത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ രാവിലെ ആറു മുതലാണ് റെയ്ഡ് ആരംഭിച്ചത്.
മധ്യംഗ്രാം മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാനായിരുന്നപ്പോള്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന ആരോപണമാണ് മന്ത്രി നേരിടുന്നത്. 1500ഓളം പേരെ ചട്ടങ്ങള്‍ ലംഘിച്ച് നിയമിച്ചുവെന്നാണ് ആരോപണം. വന്‍തോതില്‍ പണം മന്ത്രി കൈപ്പറ്റിയെന്നുമാണ് ആരോപണം. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നേരത്തെയും ഇഡി റെയ്ഡ് നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതാവായ അഭിഷേക് ബാനര്‍ജിയെ ഉള്‍പ്പെടെ നേരത്തെ പലതവണ ചോദ്യം ചെയ്യാനും ഇഡി വിളിച്ചുവരുത്തിയിരുന്നു.
തമിഴ്നാട്ടിലും ഇന്ന് രാവിലെ മുതല്‍ ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്റെ വീട്ടിൽ ആദായ നികുതി റെയ്ഡ് ആരംഭിച്ചിരുന്നു. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മുൻ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എം പിയുമാണ് ജഗത് രക്ഷകൻ. തമിഴ്നാട്ടിൽ ഡിഎം.കെ നേതാക്കളുടെ വീട്ടിൽ നേരത്തേയും റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിൽ എഎപി എംപി സഞ്ജയ് സിങിൻ്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിന് ശേഷം സഞ്ജയ് സിങ് അറസ്റ്റിലായിരുന്നു.