കോഴിക്കോട്∙ ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനു ശേഷം വിവിധ ഘട്ടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ പതിനൊന്നിന് സാംപിളുകൾ അയയ്ക്കുകയും പന്ത്രണ്ടിന് നിപ്പ സ്ഥിരീകരിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ നിപ്പ രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് 21 ദിവസം പൂർത്തിയായി. അടുത്ത 21 ദിവസം കൂടി സുരക്ഷയ്ക്കു വേണ്ടി ‘ഡബിൾ ഇൻക്യുബേഷൻ പീരിയഡ്’ ആയി കണക്കാക്കി കൺട്രോൾ റൂം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. പോസിറ്റീവായ വ്യക്തികളുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ വ്യക്തികളും ഐസൊലേഷനിൽനിന്നു പുറത്ത് വന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 1288 പേരാണ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. 1180 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇൻഡക്സ് രോഗിയെ കണ്ടെത്താൻ കഴിഞ്ഞു. 90 ശതമാനത്തിനടുത്ത് മരണനിരക്കുള്ള നിപ്പ രോഗത്തിന്റെ മരണനിരക്ക് ഇത്തവണ 33 ശതമാനം മാത്രമാക്കി ചുരുക്കാൻ കഴിഞ്ഞു. വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സന്തോഷം നൽകുന്നതാണ്. 26 നു കൺട്രോൾ റൂം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ്പയിൽ ജില്ല കൈവരിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് മന്ത്രി പി. എ.മുഹമ്മദ് റിയാസ് പറഞ്ഞു. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടില്ല.