തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിങ് കോളജ് പ്രിൻസിപ്പലും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. വനിതാ ഹോസ്റ്റലിന് സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായെത്തിയ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലാണ് വാക്കേറ്റം നടന്നത്.കണ്ട അലവലാതികൾ വന്ന് എന്നോട് സംസാരിക്കാൻ അനുവദിക്കില്ല. നിനക്കൊന്നും അവകാശമില്ല. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. എന്‍റെ കാമ്പസിൽ കാമറ വെക്കണമെന്ന് പറയാൻ നീയാരാണ്.
നാല് പൊണ്ണത്തടിയന്മാർ വന്ന് എന്നെ ആക്രമിക്കാൻ നോക്കുന്നോ. എന്നോട് വലിയ കളിക്ക് വന്നാൽ അടിച്ച് നിന്‍റെയൊക്കെ ഷേപ്പ് മാറ്റും. സർക്കാർ സ്ഥാപനമാണെന്ന് കരുതി നിന്‍റെയൊക്കേ വായിലിരിക്കുന്നത് കേൾക്കേണ്ട കാര്യമില്ലെന്നും പ്രിൻസിപ്പൽ പറയുന്നത് വിഡിയോയിലുണ്ട്.പ്രിൻസിപ്പലായി ഇരിക്കില്ലെന്നും വീട്ടിൽ പറയുന്ന സംസാരം അവിടെ വെച്ചാൽ മതിയെന്നും പ്രവർത്തകരും പറഞ്ഞു. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോ. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇത്തരത്തിൽ കേൾക്കേണ്ടി വരുമെന്നും പറയുന്നത് വിഡിയോയിലുണ്ട്.
നഴ്സിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ സുരക്ഷക്കായി സെക്യൂരിറ്റിയെയും സി.സിടിവിയും വേണമെന്ന് ആവശ്യപ്പെടാനാണ് പ്രിൻസിപ്പലിനെ സമീപിച്ചതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നത്. വിഷയത്തിൽ നിഷേധാത്മക സമീപനം സ്വീകരിച്ച പ്രിൻസിപ്പൽ വിദ്യാർഥികളെ അധിക്ഷേപിച്ചെന്നും ഇവർ പറയുന്നു.അതേസമയം, വിദ്യാർഥികളാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.