ന്യൂഡൽഹി> ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിൽ “ചൈനീസ് പ്രചാരണം” എന്ന് അവർ കരുതുന്ന ഒരൊറ്റ ലേഖനമോ വിഡിയോയോ പോലും ഡെൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന്. ന്യൂസ്‌ക്ലിക്ക് പത്രക്കുറിപ്പിൽ പറഞ്ഞു. പകരം ഡെൽഹി കലാപത്തെപ്പറ്റിയുള്ള റിപ്പോർട്ടിംഗിനെപ്പറ്റിയും കർഷക സമരത്തെപ്പറ്റിയുള്ള റിപ്പോർട്ടിംഗിനെപ്പറ്റിയും മറ്റുമാണ്.പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾ . എന്തു തരത്തിലുള്ള സ്ഥാപിത താത്പര്യവും ദുരുദ്ദേശ്യവുമാണ് നിലവിലെ നിയമനടപടികൾക്കു പിന്നിലുള്ളത് എന്നത് വ്യക്തമാക്കുന്നതാണ് ഈ ചോദ്യങ്ങൾ.
കോടതിയിലും ജുഡീഷ്യൽ പ്രക്രിയയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി ഞങ്ങളുടെ പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും‐ന്യൂസ്‌ക്ലിക്ക് വ്യക്തമാക്കി.
പ്രസ്‌താവനയുടെ പൂർണ്ണരൂപം:
2023 ഒക്ടോബർ മൂന്നാം തീയതി (ചൊവ്വാഴ്ച) ന്യൂസ്‌ക്ലിക്കിന്റെ ഓഫിസും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും മുമ്പ് പ്രവർത്തിച്ചിട്ടുള്ളവരുമായ പത്രപ്രവർത്തകർ, ജീവനക്കാർ, കൺസൾട്ടന്റ്സ്, ഫ്രീലാൻസ് കോൺട്രിബ്യൂട്ടേഴ്സ് എന്നിവരുടെ വീടുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡെൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തുകയുണ്ടായി.
നിരവധി പേരെ ചോദ്യം ചെയ്‌തു, ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഞങ്ങളുടെ സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥ (76), ഞങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ അമിത് ചക്രബൊർത്തി (അംഗപരിമിതി ഉള്ളയാളാണ് അദ്ദേഹം) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എഫ്.ഐ.ആറിന്റെ കോപ്പി ഞങ്ങൾക്ക് ഇനിയും ലഭിച്ചിട്ടില്ല. എന്ത് കുറ്റങ്ങളാണ് ഞങ്ങളുടെ മേൽ ആരോപിച്ചിരിക്കുന്നത് എന്നതിന്റെ വിശദാംശങ്ങളും ഞങ്ങളെ അറിയിച്ചിട്ടില്ല. ന്യൂസ്‌ക്ലിക്ക് ഓഫിസിൽ നിന്നും ജീവനക്കാരുടെയും മറ്റും വീടുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇത് ചെയ്‌തിരിക്കുന്നത് – seizure memos, പിടിച്ചെടുത്ത ഉപകരണങ്ങളിൽ എത്ര ഡേറ്റ ഉണ്ട് എന്ന് കാണിക്കുന്ന hash values, , ഡേറ്റയുടെ കോപ്പികൾ ഇവയൊന്നും നൽകാതെയാണ് ഉപകരണങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്. ഞങ്ങളുടെ റിപ്പോർട്ടിംഗ് പൂർണമായും അവസാനിപ്പിക്കുക എന്ന നഗ്നമായ ലക്ഷ്യത്തോടെ ന്യൂസ്‌ക്ലിക്ക് ഓഫിസ് പൂട്ടി സീൽ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതനുസരിച്ച്, ന്യൂസ്‌ക്ലിക്കിനെതിരെ ആരോപിക്കപ്പെടുന്നത് Unlawful Activities Prevention Act (യു.എ.പി.എ.)-നു കീഴിൽ വരുന്ന കുറ്റകൃത്യങ്ങളാണ് – ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിൽ “ചൈനീസ് പ്രചാരണം” പ്രസിദ്ധീകരിച്ചു എന്നതാണത്രേ ആരോപണം.
പത്രപ്രവർത്തന സ്വാതന്ത്ര്യത്തെ മാനിക്കാൻ വിസമ്മതിക്കുകയും വിമർശനങ്ങളെ രാജ്യദ്രോഹമോ “ദേശവിരുദ്ധ” പ്രചാരണമോ ആയി കണക്കാക്കുന്നതുമായ സർക്കാരിന്റെ ഈ നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
2021 മുതലിങ്ങോട്ട് ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ ഏജൻസികളുടെ വകയായി നടപടികളുടെ ഒരു പരമ്പര തന്നെയാണ് ന്യൂസ്‌ക്ലിക്കിനെ ലക്ഷ്യം വച്ച് ഉണ്ടായിരിക്കുന്നത്. എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി.), ഡെൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും, ആദായ നികുതി വകുപ്പും ന്യൂസ്ക്ലിക്കിന്റെ ഓഫിസുകളും ന്യൂസ്‌ക്ലിക്ക് ജീവനക്കാരുടെ വസതികളും റെയ്‌ഡ് ചെയ്തിട്ടുണ്ട്.
ലാപ്‌ടോപ്പുകളും ഫോണുകളും ഗാഡ്‌ജെറ്റുകളും ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും മുമ്പു തന്നെ പിടിച്ചെടുത്തിരുന്നു. എല്ലാ ഇ-മെയിലുകളും ആശയവിനിമയങ്ങളും സൂക്ഷ്‌മമായി പരിശോധിച്ചിരുന്നു. എല്ലാ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും, ഇൻവോയിസുകളും, ചെലവുകളും, ന്യൂസ്‌ക്ലിക്കിന് കഴിഞ്ഞ നിരവധി വർഷങ്ങളിൽ ലഭിച്ചിട്ടുള്ള ഫണ്ടിന്റെ സ്രോതസ്സുകളും സർക്കാരിന്റെ വിവിധ ഏജൻസികൾ പല തവണയായി പരിശോധിച്ചതാണ്. ന്യൂസ്‌ക്ലിക്കിന്റെ ഡയറക്‌ടർമാരും ബന്ധപ്പെട്ട മറ്റ് വ്യക്തികളും ഈ സർക്കാർ ഏജൻസികളാൽ ചോദ്യം ചെയ്യപ്പെടുകയും ചോദ്യങ്ങൾക്ക് മറുപടി പറയാൻ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നിട്ടും, കഴിഞ്ഞ രണ്ടു വർഷങ്ങളായി “കള്ളപ്പണം വെളുപ്പിക്കൽ” ആരോപിച്ച് ന്യൂസ്‌ക്ലിക്കിനെതിരെ ഒരു പരാതിയും ഫയൽ ചെയ്യാൻ ഇ.ഡി.ക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ പീനൽ കോഡിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾ ആരോപിച്ച് ന്യൂസ്‌ക്ലിക്കിനെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യാൻ ഡെൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല. കോടതിക്കു മുമ്പാകെ തങ്ങളുടെ നടപടികൾ ന്യായീകരിക്കാൻ ആദായ നികുതി വകുപ്പിനും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ നിരവധി മാസങ്ങളിൽ പ്രബീർ പുർകായസ്ഥയെ ചോദ്യം ചെയ്യലിനായിപ്പോലും ഈ ഏജൻസികൾ വിളിച്ചിട്ടില്ല.
ന്യൂസ്‌ക്ലിക്കിന്റെ എല്ലാ വിവരങ്ങളും രേഖകളും ആശയവിനിമയങ്ങളും സർക്കാരിന്റെ കയ്യിലുണ്ട്. എന്നിട്ടും തങ്ങൾ ന്യൂസ്‌ക്ലിക്കിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്കൊന്നിനും തെളിവു ഹാജരാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടാണ് സ്ഥാപിതതാത്പര്യത്തോടെ, വ്യാജ ആരോപണങ്ങൾ ഉയർത്തി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനം ഉപയോഗിച്ച് യു.എ.പി.എ. എന്ന കരിനിയമം ചുമത്തി കർഷകരും തൊഴിലാളികളും മിക്കവാറും അവഗണിക്കപ്പെടുന്ന മറ്റു വിഭാഗങ്ങളും ഉൾപ്പെടുന്ന യഥാർത്ഥ ഇന്ത്യയുടെ കഥ പറയുന്ന സ്വതന്ത്രവും നിർഭയവുമായ ശബ്‌ദങ്ങളെ അടിച്ചമർത്താനും നിശ്ശബ്‌ദരാക്കാനും ഇപ്പോൾ ശ്രമിക്കുന്നത്.
ഏതാനും കാര്യങ്ങൾ ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു:
1. ന്യൂസ്‌ക്ലിക്ക് സ്വതന്ത്രമായ ഒരു വാർത്താ വെബ്‌സൈറ്റാണ്.
2. ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ പത്രപ്രവർത്തനം എന്ന തൊഴിലിന്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാണ്.
3. ഏതെങ്കിലും ചൈനീസ് സംഘടനയുടെയോ അധികാര സ്ഥാപനത്തിന്റെയോ നേരിട്ടോ അല്ലാതെയോ ഉള്ള നിർദ്ദേശപ്രകാരം ഒരു വാർത്തയും വിവരവും ന്യൂസ്‌ക്ലിക്ക് പ്രസിദ്ധീകരിക്കുന്നില്ല.
4. ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്‌സൈറ്റിൽ “ചൈനീസ് പ്രചാരണം” നടത്തുന്നില്ല.
5. ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം സംബന്ധിച്ച് നെവിൽ റോയ് സിംഘത്തിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാറില്ല.
6. ന്യൂസ്‌ക്ലിക്കിന് ലഭിച്ചിട്ടുള്ള എല്ലാ ധനസഹായവും നിയമപ്രകാരം ബാങ്കിംഗ് ചാനലുകളിലൂടെയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ വിവരങ്ങൾ നിയമപ്രകാരം അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യം ഡൽഹി ഹൈക്കോടതിക്ക് മുമ്പാകെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.
ഇന്നേവരെ ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും എല്ലാവർക്കും കാണത്തക്ക വിധത്തിൽ ഇന്റർനെറ്റിൽ ലഭ്യമാണ്. “ചൈനീസ് പ്രചാരണം” എന്ന് അവർ കരുതുന്ന ഒരൊറ്റ ലേഖനമോ വിഡിയോയോ പോലും ഡെൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല.
പകരം അവർ ചോദിക്കുന്ന ചോദ്യങ്ങൾ ഡെൽഹി കലാപത്തെപ്പറ്റിയുള്ള റിപ്പോർട്ടിംഗിനെപ്പറ്റിയും കർഷക സമരത്തെപ്പറ്റിയുള്ള റിപ്പോർട്ടിംഗിനെപ്പറ്റിയും മറ്റുമാണ്. എന്തു തരത്തിലുള്ള സ്ഥാപിത താത്പര്യവും ദുരുദ്ദേശ്യവുമാണ് നിലവിലെ നിയമനടപടികൾക്കു പിന്നിലുള്ളത് എന്നത് വ്യക്തമാക്കുന്നതാണ് ഈ ചോദ്യങ്ങൾ.
കോടതിയിലും ജുഡീഷ്യൽ പ്രക്രിയയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി ഞങ്ങളുടെ പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും.