കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി ആര് അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി ആര് രാജനെ ഇന്നും ചോദ്യം ചെയ്യും. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്നോടിയായാണ് നടപടി. അരവിന്ദാക്ഷന്റെയും അമ്മയുടെയും ബാങ്കിലെ നിക്ഷേപം സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.