ഗാങ്ടോക്ക്: സിക്കിമിൽ വീണ്ടും മിന്നൽപ്രളയത്തിനു സാധ്യതയെന്നു സർക്കാർ മുന്നറിയിപ്പ്. ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു സർക്കാർ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഇവരിൽ ആറുപേർ സൈനികരാണ്. കാണാതായ 16 സൈനികർ ഉൾപ്പെടെയുള്ള 106 പേരെ ഇനിയും കണ്ടെത്താനായില്ല.
ഇതിനിടെ പ്രളയത്തിൽ സൈനിക കേന്ദ്രത്തിൽനിന്ന് ഒഴുകിയെത്തിയ മോർട്ടാർഷെൽ ടീസ്റ്റ നദിക്കരയിൽ പൊട്ടി രണ്ടുപേർ മരിച്ചു. ആറു പേർക്കു പരുക്കേറ്റു. വെടിക്കോപ്പുകൾ ഒഴുകിയെത്തുന്നതിനാൽ സാക്കോ ചേ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. സൈനിക കേന്ദ്രത്തിൽനിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുമാണ് ഒഴുകിപ്പോയത്. ഇതോടെ സംസ്ഥാനമാകെ കർശന ജാഗ്രതാനിർദേശമാണുള്ളത്. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളും വെടിക്കോപ്പുകളും എടുക്കരുതെന്നും ആയുധങ്ങൾ കണ്ടാൽ സർക്കാരിനെ അറിയിക്കണമെന്നും സർക്കാർ നിർദേശിച്ചു. ചുങ്താങ്ങിൽ തുരങ്കത്തിൽ 14 പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കുന്നതിനായി ദേശീയദുരന്ത നിവാരണ സേനയുടെ സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു.
സിക്കിമിൽ 3,000 വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായാണ് റിപ്പോർട്ട്. ഇതുവരെയായി താഴ്ന്ന പ്രദേശത്തുനിന്ന് 2,500 പേരെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ ക്യാംപുകളിലായി 6,000 പേരാണ് കഴിയുന്നത്. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു.
ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10 പലയിടങ്ങളിലും ഒലിച്ചുപോയതോടെ, സംസ്ഥാനവുമായി കരമാർഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചയോടെയായിരുന്നു മിന്നൽ പ്രളയം. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്കു നയിച്ചത്. ഇതിനുപിന്നാലെ ചുങ്താങ് അണക്കെട്ടും ജലവൈദ്യുതിനിലയവും തകർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ലാചെൻ താഴ്‌വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്കു കേടുപാട് സംഭവിച്ചു. 14 പാലങ്ങൾ തകർന്നു. 277 വീടുകളും ഒലിച്ചുപോയി.
ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്ര സർക്കാർ സിക്കിമിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.