തിരുവനന്തപുരം∙ പുരാണത്തിലെ രാവണന്റെ യഥാർഥ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസ്സൻ. രാഹുൽ ഗാന്ധിയെ നവയുഗ രാവണൻ എന്നു ബിജെപി വിശേഷിപ്പിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പുരാണത്തിലെ രാവണനെ ഓർമിപ്പിക്കുന്ന ഭരണാധികാരിയായിട്ടാണ് നരേന്ദ്ര മോദി ഈ രാജ്യം ഭരിക്കുന്നത്. ഐക്യത്തിന്റെയും നന്മയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തിയത് തന്നെ വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്‍നേഹത്തിന്റെ കട തുറക്കാനാണ്. ആ വലിയ ഐക്യത്തിന്റെ സന്ദേശം ഉയർത്തിയ രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചരണം നടത്താൻ ബിജെപിക്കാർക്കല്ലാതെ മറ്റാർക്കും കഴിയില്ല.
ഗോഡ്‌സെയുടെ ആദർശങ്ങളും മഹാത്മ ഗാന്ധിയുടെ ആദർശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിനു പിന്നാലെയാണ് വിദ്വേഷപ്രചരണം. ഇത് അദ്ദേഹത്തെ ഭയക്കുന്നതിനാലാണ്. നരേന്ദ്ര മോദിക്കും ബിജെപിക്കും രാഹുൽ ഗാന്ധിയെ ഭയമാണ്. ഉറക്കത്തിൽപോലും നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി ഭയപ്പെടുത്തുന്നുണ്ട്.’’– എം.എം. ഹസ്സൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബിജെപി ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെയാണു പ്രചരണം നടത്തിയത്. ഭാരതത്തെ തകർക്കുകയാണെന്നു പറഞ്ഞായിരുന്നു പ്രചരണം. ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്.