ദില്ലി: കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.കേന്ദ്രസർക്കാരിനും കേരളസർക്കാരിനുമാണ് നോട്ടീസ്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. പശ്ചിമഘട്ടത്തിലെ മനുഷ്യമൃഗസംഘർഷം അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി എത്തിയത്.ആനത്താരകളും ജനവാസ മേഖലകളും തരംതിരിക്കണമെന്നും സംരക്ഷിതവനമേഖലകളാക്കി ആനത്താരകളെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാജ്യത്തെ ആനകളെ സംബന്ധിച്ചുള്ള പ്രധാനകേസായ പ്രേരണാ ബിന്ദ്ര കേസിനൊപ്പം ഹർജി പരിഗണിക്കാൻ കോടതി തീരുമാനിച്ചു. അരിക്കൊമ്പൻ വിഷയം, പാലക്കാട് ആനയ്ക്ക് പൈനാപ്പിളിൽ സ്ഫോടക വസ്തു നൽകി കൊന്ന സംഭവം അടക്കം ഹർജിയിൽ സൂചിപ്പിക്കുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാനുള്ള നടപടികളാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം സ്വദേശി മീനു ഗോപകുമാറാണ് ഹർജിക്കാരി. മുതിർന്ന അഭിഭാഷകൻ വി.കെ.ശുക്ല,അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിതാ സുഭാഷ് ചന്ദ്രൻ എന്നിവർ ഹർജിക്കാരിക്കായി ഹാജരായി.