ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഡൽഹിയിലെ ഖാർഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ആഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും മുംബൈയിലാണ് ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ അവസാനമായി യോഗം ചേർന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യത്തിന്‍റെ മുന്നോട്ടുള്ള വഴികളും കൂടിക്കാഴ്ചയിൽ നേതാക്കൾ ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചിരുന്നു.
സഖ്യത്തിന്‍റെ അടുത്ത യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായതായാണ് വിവരം. സഖ്യത്തിന്‍റെ അടുത്ത യോഗം പശ്ചിമ ബംഗാളിലായിരിക്കും നടക്കുകയെന്ന് ഏതാനും പ്രതിപക്ഷ നേതാക്കൾ സൂചന നൽകിയിരുന്നു.