ചെന്നൈ: ഡി.എം.കെ പ്രവർത്തകരുടെ വീടുകളിലെ ആദായ നികുതി വകുപ്പിന്‍റെ റെയിഡിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ റെയ്ഡുകൾ സംഘടിപ്പിക്കുന്നുവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ തങ്ങൾക്ക് അതിഥികളെ പോലെയായെന്നും ഉദയനിധി പറഞ്ഞു.
“ഇപ്പോൾ ഇത് വളരെ സാധാരണമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ റെയ്ഡുകൾ സംഘടിപ്പിക്കുന്നു. അവരിപ്പോൾ ഞങ്ങൾക്ക് അതിഥികളെ പോലെയാണ്. ഞങ്ങൾ അത് കാര്യമാക്കുന്നില്ല” – ഉദയനിധി പറഞ്ഞു.
ഡി.എം.കെ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജഗത് രക്ഷകന്‍റെ ചെന്നൈയിലെ വീടുകളിൽ ഇന്നലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. അദ്ദേഹവുമായി ബന്ധമുള്ള 40 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു.
സംസ്ഥാനത്തെ ജാതി വിവേചനങ്ങളെക്കുറിച്ചുള്ള ഗവർണറുടെ പരാമർശത്തോടും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിൽ ജാതി വിവേചനം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ തന്‍റെ ജോലി ചെയ്യാതെ രാഷ്ട്രീയം കളിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു.