ഇരിങ്ങാലക്കുട ∙ 14 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്കു പണമില്ലാതെ അലഞ്ഞ തേലപ്പിള്ളി കൊളങ്ങാട്ടുപറമ്പിൽ ശശിയോട് (53) കാണിച്ച അവഗണന അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തോടും തുടർന്നു കരുവന്നൂർ ബാങ്ക്. ശശിയുടെ മരണശേഷം ബാങ്കിൽ നിന്നാരെങ്കിലും ബന്ധപ്പെടുകയോ നിക്ഷേപം തിരികെ നൽകുമെന്നു സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹോദരി മിനി പറഞ്ഞു. അതേസമയം, ചികിത്സയ്ക്കു പണം നിഷേധിച്ചെന്ന വാർത്തയിൽ കരുവന്നൂർ ബാങ്കിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.
ശശിയുടെയും അമ്മയുടെയും പേരിലാണു ബാങ്കിൽ 14 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നത്. ഓഗസ്റ്റ് 22നു സ്വകാര്യ ആശുപത്രിയിൽ ശശിയെ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയ്ക്കു പണത്തിനായി സഹോദരി മിനി 5 തവണ ബാങ്കിൽ അപേക്ഷ നൽകി. ആദ്യത്തെ അപേക്ഷയിൽ 50,000 രൂപയും രണ്ടാമത്തെ അപേക്ഷയിൽ 40,000 രൂപയുമാണു ബാങ്കിൽ നിന്നു ലഭിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം സെപ്റ്റംബർ 18നു ബാങ്കിൽ അവസാനത്തെ അപേക്ഷ നൽകി. ഇതിനു മറുപടി പോലും ലഭിച്ചില്ല. 30നു ശശി മരിക്കുകയും ചെയ്തു.