കോഴിക്കോട്: നിയമന കോഴ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവിന്റെ നിർണായക മൊഴി പുറത്ത്. തട്ടിപ്പിലെ പ്രധാനികൾ കോഴിക്കോട്ടെ നാലംഗ സംഘമാണെന്നാണ് അഖിൽ സജീവിന്‍റെ മൊഴി. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികളെന്നാണ് അഖിൽ സജീവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം തന്നെയാണെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ഈ സംഘം തട്ടിപ്പ് നടത്തി. അഖില്‍ സജീവന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് കേസുകളിൽ ഈ നാല് പേരും പ്രതികളാക്കിയേക്കും.
അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത സ്പൈസസ് ബോർഡ് തട്ടിപ്പിൽ ബിജെപി ബന്ധമുണ്ടെന്ന വിവരവും പുറത്ത് വരുകയാണ്. കേസിൽ യുവമോർച്ച നേതാവ് രാജേഷും പ്രതി ചേര്‍ത്തു. സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം യുവമോർച്ച നേതാവ് രാജേഷിൻ്റെ അക്കൗണ്ടിലേക്കാണ് അഖിൽ സജീവ് നൽകിയത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണെന്നും പൊലീസ് കണ്ടെത്തി. അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയും കൻ്റോൺമെൻ്റ് സിഐയും ചോദ്യം ചെയ്ത് മടങ്ങി. അഖിൽ സജീവിനെ നാളെ കോടതിയിൽ ഹാജരാക്കും.