ന്യൂഡൽഹി: കോവിഡ് വാക്സീനുകളായ കോവിഷീൽഡ്, കോവാക്സീൻ എന്നിവയ്ക്ക് വിപണി അംഗീകാരം. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അംഗീകാരം നൽകിയത്. ഇതോടെ വാക്സീനുകൾക്ക് ഏകദേശം പത്തിലൊന്നായി വില കുറയാൻ വഴിയൊരുങ്ങും. കോവിഷീൽഡിനും കോവാക്സീനും ഡോസിന് 275 രൂപയാകാനാണ് സാധ്യത. സർവീസ് ചാർജും ഉൾപ്പെടും. എന്നാൽ കടകളിൽ വാക്സീൻ ലഭിക്കാൻ സാധ്യതയില്ല. ആശുപത്രികളിലും ക്ലിനിക്കുകളിലുമായിരിക്കും വാക്സീനുകൾ ലഭിക്കുക.
നിലവിൽ ഭാരത് ബയോടെക്കിന്‍റെ കോവാക്സീന് സ്വകാര്യ ആശുപത്രികളിൽ ഡോസിന് 1,200 രൂപയാണ്. കോവിഷീൽഡിന് 780 രൂപയാണ് ഈടാക്കുന്നത്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നത് കോവിഷീൽഡും കോവാക്‌സീനുമാണ്. വിപണി അംഗീകാരത്തിനായി നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും ഡിസിജിഐയെ സമീപിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 25നാണ് അപേക്ഷ നൽകിയത്.