ദില്ലി: ന്യൂസ് ക്ലിക്കിനെതിരെ വീണ്ടും നടപടികളുമായി ദില്ലി പോലീസ്. മുദ്ര വെച്ച ഓഫീസിൽ നിന്ന് കൂടുതൽ ഉപകരണങ്ങളും രേഖകളും ദില്ലി പോലീസ് പിടിച്ചെടുത്തു. ഓഫീസ് തുറന്ന് കഴിഞ്ഞ ദിവസമാണ് ഉപകരണങ്ങൾ കൊണ്ടുപോയതെന്ന് ന്യൂസ് ക്ലിക്ക് അറിയിച്ചു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതൊന്നും മാധ്യമപ്രവർത്തനത്തിന് തടസ്സമാകില്ലെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു. അതുപോലെ തന്നെ ദില്ലി പൊലീസ് നടപടിയുമായി സഹകരിക്കുമെന്നും മുൻ ജീവനക്കാരി അനുഷ പോൾ വ്യക്തമാക്കി.
ന്യൂസ് ക്ലിക്കിന് എതിരായ ദില്ലി പോലീസ് നടപടിയുടെ ഭാഗമായി ഇന്നലെ കേരളത്തിലും റെയ്ഡ് നടന്നിരുന്നു. മുൻജീവനക്കാരിയും പത്തനംതിട്ട കൊടുമൺ ഐക്കാട് സ്വദേശിയുമായ അനുഷ പോളിന്റെ വീട്ടിലാണ് ഇന്നലെ ദില്ലി പോലീസ് എത്തിയത്. അനുഷയുടെ മൊഴിയെടുത്ത ശേഷം മൊബൈൽ ഫോൺ ലാപ്ടോപ്പും ബാങ്ക് രേഖകളും പിടിച്ചെടുത്തു. ഭീഷണി സ്വരത്തിലാണ് ദില്ലി പോലീസ് സംസാരിച്ചതെന്നും എത്രയും വേഗം ഹാജരാകാൻ നിർദ്ദേശിച്ചതായം അനുഷ പറഞ്ഞു.
ദില്ലിയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധം ഉദ്യോഗസ്ഥർ ചോദിച്ചു. കർഷക സമരം, സിഎഎ, കൊവിഡ് തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തോ എന്ന് അന്വേഷിച്ചതായും അവർ പറഞ്ഞു. നാലുവർഷക്കാലം ന്യൂസ് ക്ലിക്കിന്റെ ഇൻറർനാഷണൽ ഡെസ്കിലെ ലേഖികയായിരുന്നു അനുഷ പോൾ. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി ട്രഷറർ കൂടിയാണ്.
ഇവർ അടുത്ത കാലത്താണ് പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് ദില്ലിയില്‍നിന്നും പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ദില്ലി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുവെച്ചിട്ടില്ല.