ദില്ലി: ട്രെയിന്‍ യാത്രക്കിടെ 19 വയസ്സുകാരന്‍ റിട്ടയേഡ് പ്രൊഫസറുടെയും ഭാര്യയുടെയും ദേഹത്ത് മൂത്രമൊഴിച്ചു. സമ്പര്‍ക് ക്രാന്തി എക്സ്പ്രസിലെ എസി കമ്പാര്‍ട്ട്മെന്‍റിലാണ് സംഭവം. റിതേഷ് എന്ന 19കാരനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ കുത്തുബ് വിഹാര്‍ സ്വദേശിയാണ് ഇയാള്‍. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫസര്‍ ജിഎൻ ഖരെയ്ക്കും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന യുവാവ് അബദ്ധത്തില്‍ മൂത്രമൊഴിച്ചതാണെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ മണിക്പൂര്‍ ജങ്ഷനും ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീനും ഇടയില്‍ ഓടുന്ന ട്രെയിനിലാണ് സംഭവം നടന്നത്.
ട്രെയിനിലെ ബി 3 കോച്ചിലാണ് ദമ്പതികളും പ്രതിയും യാത്ര ചെയ്തിരുന്നത്. ദമ്പതികള്‍ താഴത്തെ ബെര്‍ത്തിലും റിതേഷ് മുകളിലത്തെ ബെര്‍ത്തിലുമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കമ്പാര്‍ട്ട്മെന്‍റിലൂടെ നടക്കുന്നതിനിടെ യുവാവ് അബദ്ധത്തില്‍ മൂത്രമൊഴിച്ചെന്നും ഇത് വൃദ്ധ ദമ്പതികളുടെ ദേഹത്ത് പതിച്ചെന്നും പൊലീസ് പറയുന്നു. ഇവരുടെ ലഗേജിലും മൂത്രം വീണു. ദമ്പതികള്‍ ചോദ്യംചെയ്തതോടെ യുവാവ് അക്രമാസക്തനാവുകയും ചെയ്തു.
ഹർപാൽപൂരിൽ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. അവര്‍ ടിടിഇയെ നടന്നത് എന്താണെന്ന് അറിയിച്ചു, ടിടിഇ ഝാൻസിയുടെ റെയിൽവേ കൺട്രോൾ റൂമിൽ വിവരമറിയിച്ചു.
“>ഝാൻസി സ്റ്റേഷനിൽ വെച്ച് ആർപിഎഫ് റിതേഷിനെ കസ്റ്റഡിയില്‍ എടുത്തു. അയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പിഴയടച്ച ശേഷം പ്രതിയെ വിട്ടയച്ചെന്ന് ഝാൻസിയില്‍ ആർപിഎഫിന്റെ ചുമതലയുള്ള ആർ കൗശിക് പറഞ്ഞു.