ലണ്ടന്‍∙ ഖലിസ്ഥാൻ വാദികൾ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ബ്രിട്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ. ഹർമൻസിങ് കപൂർ എന്നയാളാണ് ഖലിസ്ഥാൻ അനുകൂലികൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ബ്രിട്ടിഷ് ഭരണാധികാരികൾ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ഒൻപതു മാസമായി ഖലിസ്ഥാൻ അനുകൂലികളിൽ നിന്ന് നിരന്തരം ഭീഷണി നേരിടുകയാണെന്നാണ് ഹർമൻസിങ് കപൂറിന്റെ വെളിപ്പെടുത്തൽ. ഖലിസ്ഥാൻ അനുകൂലികൾ തന്റെ വാഹനം നശിപ്പിച്ചതായി ആരോപിച്ചുകൊണ്ട് അടുത്തിടെ ഹർമൻസിങ് കപൂർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നു. ഭീകരർ തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹർമൻ സിങ് ആരോപിച്ചു.
‘26 വർഷമായി ഞാൻ യുകെയിൽ ജീവിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി അവിടെ ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് ഞാൻ സമൂഹമാധ്യമങ്ങളിലൂെട ഒരു വിഡിയോ പങ്കുവച്ചിരുന്നു. 9 മാസമായി ഞാൻ വലിയ ഭീഷണിയാണ് നേരിടുന്നത്. ഞാൻ ഈ വിഡിയോ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ, അത് ഞാൻ നിരസിച്ചു.’
‘ലണ്ടനിൽ ജീവിക്കുമ്പോൾ ഞാൻ സുരക്ഷിതനായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, എനിക്കു തെറ്റിപ്പോയി. അവർ എന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.’– എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ഹർമൻസിങ് വ്യക്തമാക്കി.