പോത്തൻകോട് (തിരുവനന്തപുരം) ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ മുൻവശത്തെ ഡോറിനു സമീപം നിന്നിരുന്ന 9 -ാം ക്ലാസ് വിദ്യാർഥിനി പുറത്തേക്കു തെറിച്ചു വീണു. പിൻ ചക്രത്തിനു സമീപമായാണു വീണതെങ്കിലും നിസ്സാര പരുക്കുകളോടെ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. പോത്തൻകോട് – മംഗലപുരം റോഡിൽ വാവറയമ്പലം ബസ് സ്റ്റോപ്പിനു സമീപത്തായി ഇന്നലെ വൈകിട്ട് 4.15 നാണ് സംഭവം. കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനി മംഗലപുരം തലയ്ക്കോണം ഷാജഹാൻ മൻസിലിൽ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്.
സ്കൂളിന് 400 മീറ്റർ മാറി നടന്ന സംഭവം അറിഞ്ഞ് അധ്യാപകരും ഉടനെത്തി രക്ഷിതാക്കളെയും വിളിച്ചു വരുത്തി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സാരമായ പരുക്കുകൾ ഉണ്ടായിരുന്നില്ല. മുൻവശത്തെ ഡോറിനു സമീപം നിന്നിരുന്ന പെൺകുട്ടി ടിക്കറ്റെടുക്കാനായി തിരിയവേ ബാഗിൽ ഉടക്കി ഡോർ തുറന്നതായിരിക്കാമെന്നാണു ബസ് ജീവനക്കാർ പറയുന്നത്.
വിദ്യാർഥികളെ കയറ്റിയ ശേഷം ബസ് വേഗം കുറച്ചായിരുന്നു പോയിരുന്നത്. രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂൾ സമയങ്ങളിൽ കെഎസ്ആർടിസി ബസുകൾ ആവശ്യത്തിനില്ലാത്തത് കുട്ടികൾ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുന്നതായി രക്ഷിതാക്കളും പറയുന്നു.