കൊച്ചി ∙ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരെ രാഷ്ട്രീയാടിസ്ഥാനത്തിൽ വിവിധ ബ്ലോക്കുകളിൽ പാർപ്പിക്കുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. തടവുകാർക്കിടയിൽ വിവേചനവും വിഭാഗീയതയും പാടില്ലെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ സിപിഎം പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി പ്രവർത്തകരായ പ്രതികളുടെ അപ്പീൽ അനുവദിച്ച വിധിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കേസ് അന്വേഷണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ച് കോടതി വിമർശനം ഉന്നയിച്ചു.
എന്തിനാണ് രാഷ്ട്രീയ അടിസ്ഥാനത്തിൽ തടവുകാരെ ബ്ലോക്കുകളിൽ പാർപ്പിച്ചിരിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഇതുമൂലമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നു കുറ്റപ്പെടുത്തി. ജയിൽ ഉദ്യോഗസ്ഥരെപ്പോലെതന്നെ തടവുകാരെയും ജയിലിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കരുത്. തടവുകാരോടു പക്ഷഭേദം ഇല്ലാതെ മനുഷ്യത്വത്തോടെ പെരുമാറണം, അവരുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കണം, ജയിലിൽ അച്ചടക്കം ഉറപ്പാക്കണം, ഉദ്യോഗസ്ഥർ അധികാരം ഉപയോഗിച്ച് ഫലപ്രദമായി കൃത്യനിർവഹണം നടത്തണം എന്ന് കേരള പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസ് ആക്ടിൽ പറയുന്നുണ്ട്. ഇക്കാര്യം ജയിൽ ഡിജിപി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
2004 ഏപ്രിൽ ആറിനാണ് ജയിലിലെ രാഷ്ട്രീയ സംഘർഷത്തിനിടെ രവീന്ദ്രൻ കൊല്ലപ്പെട്ടത്. 9പ്രതികളുള്ള കേസിൽ 4പ്രതികളെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി വിട്ടയച്ചു. കേസിലെ പ്രതികൾക്ക് പരുക്കേറ്റത് എങ്ങനെയാണെന്നു വ്യക്തമാക്കാതെ പ്രോസിക്യൂഷൻ ഒഴിഞ്ഞു മാറിയെന്നു കോടതി പറഞ്ഞു.
സംഭവം എങ്ങനെയുണ്ടായി എന്നതിനു ഹാജരാക്കിയ തെളിവുകളും അപര്യാപ്തമായിരുന്നു. അതിനാൽ പ്രതികളെല്ലാം കുറ്റകൃത്യത്തിൽ ഉൾപ്പെട്ടോയെന്ന് പറയാനാകുന്നില്ല. അനുചിതവും കളങ്കപൂർണവുമായ അന്വേഷണമാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എല്ലാ അർഥത്തിലും സത്യസന്ധനായിരിക്കണമെന്നും സത്യം കണ്ടെത്താൻ നീതിയുക്തമായ അന്വേഷണമാണ് നടത്തേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.