ആഴ്ചകളോളം നീളുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കാരണ ഇവ പല ഗൗരവമുള്ള അസുഖങ്ങളുടെയും കാരണമോ ലക്ഷണമോ എല്ലാമാകാം. അതിനാല്‍ തന്നെ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ജലദോഷം, വയറുവേദന, വയറിളക്കം എന്നിവ കൊവിഡിന്‍റെ അനന്തരഫലമായുണ്ടാകുന്ന ലോംഗ് കൊവിഡ് ആകാമെന്ന് ചൂണ്ടിക്കാണിക്കുകയാണൊരു പഠനം. യുകെയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
‘ഇ ക്ലിനിക്കല്‍ മെഡിസിൻ’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ ശ്രദ്ധേയമായ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധമായി മാത്രമല്ല വൈറല്‍ പനി, ന്യൂമോണിയ പോലുള്ള പല അസുഖങ്ങളുടെയും തുടര്‍ച്ചയായി വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ മിക്കവരും ശ്രദ്ധിക്കുന്നില്ല- അല്ലെങ്കില്‍ മനസിലാക്കപ്പെടുന്നില്ല എന്നാണ് പഠനം പറയുന്നത്. പക്ഷേ കൊവിഡ് അടക്കമുള്ള, ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളുടെ ബാക്കിപത്രമായി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ തുടരുന്നത് നാം മനസിലാക്കേണ്ടതുണ്ടെന്നും, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്. എങഅകിലേ ഭാവിയിലെങ്കിലും ഇവയെ പ്രതിരോധിക്കാൻ നമുക്ക് സജ്ജരാകാൻ കഴിയൂ എന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.