ഭോപ്പാല്‍: സൈനിക സ്കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ മോവിലുള്ള ഇന്‍ഫന്‍ട്രി സ്കൂളില്‍ പരിശീലനം നേടുന്ന യുപി സ്വദേശി ലെഫ്റ്റനന്‍റ് മോഹിത് ഗുപ്തയെയാണ് കാണാതായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് ശനിയാഴ്ച ഇൻഡോർ ജില്ലയിലെ മൊവ് പോലീസ് സ്റ്റേഷനിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീപക് റാത്തോഡ് പറഞ്ഞു. ലെഫ്റ്റനന്റ് മോഹിത് ഗുപ്തയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
രാവിലെ 6 മണിക്ക് ഫിസിക്കൽ ട്രെയിനിംഗ് ഉണ്ട്. അതില്‍ മോഹിത് പങ്കെടുത്തിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന്റെ പരിശീലകർ അസുഖം എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടു. മുറിയില്‍ ചെന്നുനോക്കിയപ്പോള്‍ അവിടെ മോഹിത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇൻഫൻട്രി സ്‌കൂളിലെ യംഗ് ഓഫീസേഴ്‌സ് വിഭാഗത്തിൽ ഇൻസ്ട്രക്ടറായി പ്രവര്‍ത്തിക്കുന്ന സുബേദാർ ജർമൽ സിംഗ് ആണ് പരാതി നല്‍കിയത്.
കാണാതായ ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പറും മേല്‍വിലാസവും ഇൻഫൻട്രി സ്കൂൾ അധികൃതർ പൊലീസിന് കൈമാറി. ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാ നഗരത്തില്‍ താമസിക്കുന്ന, മോഹിത് ഗുപ്തയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. മോഹിതിന്‍റെ കോൾ ഡീറ്റെയിൽ റെക്കോർഡ് (സിഡിആർ) പൊലീസ് തേടിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 6 നും 7.30 നും ഇടയിലാണ് യുവ ഓഫീസർമാരുടെ താമസ സ്ഥലത്ത് നിന്ന് മോഹിതിനെ കാണാതായത്. അദ്ദേഹത്തിന്‍റെ മോട്ടോര്‍ ബൈക്ക് അവിടെയുണ്ടായിരുന്നു. നടന്നാണ് പുറത്തേക്ക് പോയതെന്നാണ് അനുമാനം. ഇൻഫൻട്രി സ്‌കൂളിൽ വിവിധ കോഴ്‌സുകൾക്കായി വരുന്ന ഓഫീസർമാർക്കും മറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും കർശനമായ ചട്ടങ്ങളുണ്ട്. കാമ്പസിന് പുറത്ത് പോകാൻ അവരെ അനുവദിക്കാറില്ല.