എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്. മന്ത്രി ഫിർഹാദ് ഹക്കിം, മുൻമന്ത്രി മദൻ മിത്ര എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. മുനിസിപ്പാലിറ്റി നിയമന ക്രമക്കേട് കേസിലാണ് സിബിഐ നടപടി.
ബംഗാളിലെ നഗര വികസന മന്ത്രി ഫിർഹാദ് ഹക്കീമിന്റെ ചെട്‌ലയിലെ വീട്ടിലാണ് സിബിഐ പരിശോധന.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഗ്രൂപ്പ് ഡി ഗ്രൂപ്പ് സി തസ്തികകളിലെ നിയമന ക്രമക്കേട് കേസിലാണ് നടപടി.കേസിൽ അന്വേഷണം തുടരാമെന്ന കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ആണ് പരിശോധന. സിബിഐ എത്തിയതിന് പിന്നാലെ മന്ത്രിയുടെ വീട്ടിലെ പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി.സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു.
കമർഹട്ടിയിൽ നിന്നുള്ള എംഎൽഎയും മുൻമന്ത്രിയുമായ മദൻ മിത്രയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്.ഇതേ ക്രമക്കേട് കേസിൽ ബംഗാൾ മന്ത്രി രതിൻ ഘോഷിന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡിന് പിന്നാലെയാണ് സിബിഐ നടപടി. നാരദ സ്റ്റിങ് ഓപ്പറേഷൻ കേസിൽ 2021 ൽ ഫിർഹാദ് ഹക്കിം മദൻ മിത്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.