തിരുവനന്തപുരം: റഷ്യയിലെ എൻ.സി.സി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത് കേരളത്തിലെ ഏക കേഡറ്റ് സിദ്ധാർത്ഥ്. 2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 04 വരെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന എൻ.സി.സി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ (YEP) ഇന്ത്യയെ പ്രതിനിധീകരിച്ച് ആണ് തിരുവനന്തപുരം എം.ജി കോളേജിലെ അവസാന വർഷ ബി.എ ഹിസ്റ്ററി വിദ്യാർത്ഥിയായ സിദ്ധാർത്ഥ് പങ്കെടുത്തത്.
ലഫ്റ്റനന്റ് കേണൽ മോഹിത് സിംഗ് പതാനിയയും മേജർ പ്രിയങ്ക താക്കൂറും നയിച്ച പത്തംഗ സംഘത്തിലെ കേരള-ലക്ഷദ്വീപ് മേഖലയിൽ നിന്നുമുള്ള ഏക കേഡറ്റാണ് സിദ്ധാർത്ഥ്. യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് മുമ്പ്, ഈ വർഷം ന്യൂ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ മികച്ച കേഡറ്റ്, സീനിയർ ഡിവിഷൻ ആർമി ആയി സിദ്ധാർത്ഥ് കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചിരുന്നു. കൾച്ചറൽ മത്സരം, ഫ്ലാഗ് ഏരിയ, പ്രധാനമന്ത്രിയുടെ റാലി തുടങ്ങിയ പരിപാടികളിലും സിദ്ധാർത്ഥ് പങ്കെടുത്തിരുന്നു.
കൂടാതെ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലേക്കുള്ള തെരഞ്ഞെടുപ്പിലും ഈ മലയാളി കേഡറ്റ് മത്സരിച്ചിരുന്നു. റഷ്യയിലെത്തിയ ഇന്ത്യൻ എൻസിസി കേഡറ്റുകൾ റഷ്യയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും പഠിക്കുകയും, അതേ സമയം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് റഷ്യൻ കേഡറ്റുകള്‍ക്ക് നേർക്കാഴ്ച നൽകുകയും ചെയ്തു. സന്ദർശന വേളയിൽ, 5 ആൺകുട്ടികളും 5 പെൺകുട്ടികളും അടങ്ങുന്ന പ്രതിനിധി സംഘം സെന്റ് പീറ്റേഴ്സ്ബർഗ്, പീറ്റർ & പോൾ ഫോർട്രസ്, പെട്രോഡ്വോറെറ്റ്സ്, സെന്റ് ഐസക്ക് കത്തീഡ്രൽ, ഹെർമിറ്റേജ്, പുഷ്കിനിലെ സ്റ്റേറ്റ് മ്യൂസിയം റിസർവ് എന്നിവയുടെ ചരിത്രത്തിന്റെ സ്റ്റേറ്റ് മ്യൂസിയം സന്ദർശിച്ചിരുന്നു.
ഊർജ്ജസ്വലമായ സാംസ്കാരിക പ്രദർശനവും പ്രകടനവും കൊണ്ട് പ്രതിനിധി സംഘം സുവോറോവ് മിലിട്ടറി സ്കൂളിലെ എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് സിദ്ധാർത്ഥ് പറഞ്ഞു. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന് മുന്നോടിയായി ന്യൂ ഡൽഹിയിലെ എൻസിസി ഡയറക്ടർ ജനറൽ ക്യാമ്പ്സൈറ്റിൽ എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് നടന്നിരുന്നു. അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ അതും യൂണിഫോമിൽ അവസരം ലഭിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്ന് സിദ്ധാർത്ഥ് പറഞ്ഞു.