ന്യൂഡൽഹി: ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ വിമാന സർവീസ് ഒക്ടോബർ 14 വരെ വീണ്ടും നീട്ടി എയർ ഇന്ത്യ. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള സർവീസുകളാണ് താൽകാലികമായ റദ്ദാക്കിയത്.വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള രണ്ട് സർവീസുകൾ ഇന്നലെ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.
ഇസ്രായേൽ അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം എന്ന പേരിലെ റോക്കറ്റ് ആക്രമണം.
ശനിയാഴ്ച രാവിലെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങി. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 250 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയിൽ 230 പേരുടെ ജീവൻ പൊലിഞ്ഞു. 1500ലേറെ ആളുകൾക്ക് പരിക്കുണ്ട്.