അഹമ്മദാബാദ് ∙ മലയാളി യുവതി സജ്നിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുൺ ജിനരാജിനെ (47) ഡൽഹിയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസമായി തിരയുകയായിരുന്ന ഇയാളെ ഡൽഹി നജഫ്ഗഡിൽ നിന്നാണു അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്. തൃശൂർ വിയ്യൂർ സ്വദേശി ഒ.കെ.കൃഷ്ണൻ–യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നിയെ (26) 2003 ഫെബ്രുവരി 14നാണു അഹമ്മദാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിലെ പ്രതിയായ തരുൺ ജിനരാജിനെ 15 വർഷത്തിനു ശേഷം 2018 ഒക്ടോബറിലാണു പിടികൂടിയത്. ഏതാനും ആഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്ന ശേഷം ഡൽഹി നജഫ്ഗഡിൽ പേയിങ് ഗസ്റ്റായി കഴിയുകയായിരുന്നു. ജസ്റ്റിൻ ജോസഫ് എന്ന പുതിയ പേരു സ്വീകരിച്ച ഇയാൾ തല മുണ്ഡനം ചെയ്തു തോളിൽ പുതിയ ടാറ്റൂ പതിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 4നാണു സബർമതി സെൻട്രൽ ജയിലിൽ നിന്നു ജാമ്യത്തിൽ പുറത്തിറങ്ങിയത്.
സ്ഥലം വിടുന്നതിനു മുൻപു തന്നെ പുതിയ പേരിൽ ഇയാൾ ആധാർ കാർഡ് സ്വന്തമാക്കിയിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. പുതിയ പേരും ആധാർ കാർഡും ഉപയോഗിച്ചു ഡ്രൈവിങ് ലൈസൻസിനും പാസ്‌പോർട്ടിനും അപേക്ഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും ഓസ്ട്രേലിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബർ അവസാനമാണു തരുൺ ഡൽഹിയിലെത്തിയത്. പിന്നാലെ തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടുവെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പുതിയ പേരും വിലാസവും ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനു ശേഷമാണു നജഫ്ഗഡിലേക്കു പോയത്. ഓൺലൈൻ മാർക്കറ്റിങ് ജോലിയും നേടി. മൊബൈൽ ഫോൺ രേഖകളും മറ്റും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു തരുൺ പിടിയിലായത്.