തിരുവനന്തപുരം ∙ തുടർഭരണത്തിന്റെ തണലിൽ സമ്മർദംചെലുത്തിയുള്ള പിരിവ് ഒഴിവാക്കണമെന്ന് സിപിഎം. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ അടങ്ങുന്ന, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം. അധികാരത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന തരത്തിൽ പിരിവ് പലയിടത്തും നടക്കുന്നതായി പരാതികളുണ്ടെന്നും അതു സർക്കാരിനും പാർട്ടിക്കും ദോഷകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ വിലക്ക്. നേതാക്കൾ സ്വയം അധികാരകേന്ദ്രങ്ങളാകുന്ന പ്രവണതയെയും റിപ്പോർട്ട് വിമർശിച്ചു.
ജില്ലാ കമ്മിറ്റികൾക്കെതിരെ ചില വിമർശനങ്ങളും റിപ്പോർട്ടിലുണ്ട്. ജില്ലാ കമ്മിറ്റികളോടു പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കുമ്പോൾ മറുപടി വേഗത്തിൽ ഉണ്ടാകുന്നില്ല. ചിലപ്പോൾ മറുപടി ലഭിച്ചാലും അതു കൃത്യമാകണമെന്നില്ല. ചില സ്ഥാനങ്ങളിലേക്ക് ആദ്യം നിർദേശിക്കുന്ന പേരുകൾ പിന്നീട് ജില്ലാ കമ്മിറ്റികൾ മാറ്റിപ്പറയുന്നെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.