തിരുവനന്തപുരം; കെ.ടി.ഡി.എഫ്.സിയുടെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കെ.എസ്.ആർ.ടി.സി അല്ല ഉത്തരവാദിയെന്ന് ബിജു പ്രഭാകർ. കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സിയിൽ നിന്നും പണം ലഭിക്കാത്തത് കൊണ്ടാണ് നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തത് എന്ന തരത്തിലുള്ള വാർത്തക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഇത് വളരെ വർഷങ്ങൾക്കു മുമ്പ് എടുത്ത തെറ്റായ തീരുമാങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയാണ്. അതിനു ഇന്നത്തെ സർക്കാരോ ഇന്നത്തെ കെ.ടി.ഡി.എഫ്.സി മാനേജ്‌മെന്റോ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റോ ഉത്തരവാദികളല്ല .
കെ.എസ്.ആർ.ടി.സിക്ക് കാലാകാലങ്ങളായി സർക്കാർ നേരിട്ട് പണം തരുന്നതിന് പകരം വർഷങ്ങൾക്കു മുമ്പ് ബസ് വാങ്ങിക്കാനും എന്തിനു ശമ്പളത്തിന് പോലും ഭീമമായ പലിശക്ക് കെ.ടി.ഡി.എഫ്.സിയിൽ നിന്നും തുക കടം എടുത്ത് കൊടുത്തത് കൊണ്ട് ഉണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ലോകത്ത് ഒരു സ്ഥലത്തും പൊതു ഗതാഗതം ലാഭകരമല്ല. പ്രവർത്തന ലാഭം നാളിതുവരെ ഉണ്ടാക്കാത്തത് പോകട്ടെ നഷ്ടം ഉണ്ടാക്കി കൊണ്ടിരുന്ന ഒരു സ്ഥാപനത്തിന് 16.5 ശഥമാനം പലിശയിൽ കടം കൊടുക്കുമ്പോൾ ഈ സ്ഥാപനത്തിന് തിരിച്ചടവിനുള്ള പാങ്ങുണ്ടോ എന്ന് ആരും നോക്കിയില്ല.
സഹകരണ ബാങ്കിൽ സാധാരണ ജനങ്ങൾ നിക്ഷേപിച്ചിരുന്ന തുക പോലും അതിനേക്കാൾ ഉയർന്ന തുക പലിശ ഇനത്തിൽ നൽകാമെന്ന് വിശ്വസിപ്പിച്ചു കെ.ടി.ഡി.എഫ്.സിയിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയും അത് അതിനേക്കാൾ ഉയർന്ന പലിശക്ക് നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്കു 16.5 ശഥമാനം പലിശക്കു കൊടുക്കുകയും കെ.എസ്.ആർ.ടി.സി അത് ഉപയോഗിച്ച് 20 ശഥമാനം അല്ലെങ്കിൽ 16.5 ശതമാനം പലിശയിൽ കൂടുതൽ ഉണ്ടാക്കി തിരിച്ചടക്കുന്നത് പ്രയോഗികമല്ല.
അന്നന്നത്തെ ചെലവ് എങ്ങനെയെങ്കിലും നടക്കട്ടെ എന്ന് ചിന്തിച്ചതിന്റെ പ്രതിസന്ധിയാണ് ഇപ്പോൾ വന്നു സംഭവിച്ചത്. ഇത് ഒരു ദിവസമോ ഒരു വർഷമോ കൊണ്ടുണ്ടാക്കിയ കടം അല്ല. ഇതായിരുന്നു അന്നത്തെ രീതി. എവിടെയെങ്കിലും പണം കടമായി ലഭിക്കുമ്പോൾ പിന്നീട് തിരികെ സർക്കാർ തന്നെ അടക്കാം എന്ന് കരുതിക്കാണും. ഇന്ന് തെറ്റായി തോന്നുമെങ്കിലും അത് അന്നത്തെ ശരിയാണ്. ഇന്ന് ശരി എന്ന് തോന്നുന്ന പല നടപടികളും നാളെ തെറ്റായി വ്യഖാനിക്കപ്പെട്ടേക്കാം.
ഏതായാലും കഴിഞ്ഞ പിണറായി സർക്കാർ ലോൺ പുനഃക്രമീകരണം മുഖേനെ KTDFC യുടെ കടം ബാങ്ക് കൺസോർഷ്യത്തിലേക്കു മാറ്റിയതിനാൽ ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞു എന്ന് തന്നെ പറയാം.
എന്തായാലും കെ.ടി.ഡി.എഫ്.സി യിൽ നിന്ന് എടുത്ത ലോൺ തുക കെ.എസ്.ആർ.ടി.സി തിരിച്ചടക്കണം എന്ന് പറയുമ്പോൾ അതിന്റെ അർഥം ശമ്പളത്തിന് പോലും ആവശ്യത്തിന് വക കണ്ടെത്താൻ സാധിക്കാത്ത കെഎസ്ആർടിസിയിലെ ജീവനക്കാർ എല്ലുമുറിയെ പണിയെടുത്ത് പണം തിരിച്ചടയ്ക്കണം എന്നാണ്. ഈ വാദം പറയുന്നതു യുക്തിക്കു നിരക്കാത്തതാണ്. കെ.ടി.ഡി.എഫ്.സിയിൽ ഉണ്ടാകുന്ന പ്രതിസന്ധിക്കു കെ.എസ്.ആർ.ടി.സിമാനേജ്മെന്റോ ജീവനക്കാരോ യാതൊരു തരത്തിലും ഉത്തരവാദികളല്ല.
കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് നാല് കൊമേഴ്സ്യൽ കോപ്ലക്സുകൾ കെ.ടി.ഡി.എഫ്.സി ബൂട്ട് (BOOT) അടിസ്ഥാനത്തിൽ നടത്താൻ ഗവണ്മെന്റ് അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് 50ശതമാനം വരുമാനം ലഭിക്കുമെന്നാണ് സർക്കാർ ഉത്തരവ്. അത് പ്രകാരം നാളിതു വരെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച വാടക 3.01 കോടി രൂപ ആണ്. ഇപ്പോൾ കെ.എസ്.ആർ.ടി.സിക്ക് വാടക ഇനത്തിൽ 50 കോടിയോളം ഇങ്ങോട്ടു ലഭിക്കാനുണ്ട് .
ഈ കെട്ടിടം നിർമിക്കുമ്പോൾ തന്നെ പലതിലും വിജിലൻസ് കേസുകളുണ്ടായി. നിർമാണ വൈകല്യങ്ങൾ ഉണ്ട്. കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കൂടി സൗകര്യങ്ങൾ കണക്കിലെടുത്തു നിർമിക്കേണ്ട കെട്ടിടങ്ങളിൽ യാത്രക്കാർക്ക് എങ്ങനെ അസൗകര്യം ഉണ്ടാക്കാമോ ആ രീതിയിൽ ആണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഉദാഹരണമായി കോഴിക്കോട് നിർമിച്ച കെട്ടിടത്തിൽ രണ്ട് തൂണിന്റെ ഇടയിൽ ബസ് ഇട്ടാൽ യാത്രക്കാർക്കോ, കണ്ടക്ടർക്കോ ആ ബസിൽ കയറാൻ ആകില്ല.
അവിടെ വെയിന്റിംഗ് ഏര്യയിൽ ഇരിക്കുന്നവർക്ക് ബസിന്റെ ബോർഡ് കാണണമെങ്കിൽ ഓരോ ബസ് വരുമ്പോഴും എഴുന്നേറ്റ് പോയി നോക്കണം. നിർമ്മിച്ച കെട്ടിടങ്ങളിൽ എല്ലാം തന്നെ ഇരുട്ട് കയറി കസ്റ്റമേഴ്സ് വരരുത് എന്ന രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് ഓരോ നഗരത്തിന്റെയും ഏറ്റവും ഹൃദയഭാഗത്തുള്ള ഈ കെട്ടിടത്തിന് മാർക്കറ്റ് അടിസ്ഥാനത്തിലുള്ള വാടക പോലും ലഭിക്കാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്നത്.
സ്ഥലത്തിന്റെ വസ്തുവിന്റെ അവകാശം കെ.എസ്.ആർ.ടി.സിക്കും, കെട്ടിടത്തിന്റെ അവകാശം കെ.ടി.ഡി.എഫ്.സിക്കുമാണ്. അതുകാരണം ആർക്കും പ്രയോജനം ഇല്ല. ഇതുവരെ ഗവണ്മെന്റ് ഉത്തരവിൽ പറയുന്ന പോലെ ഒരു എഗ്രിമെന്റും രണ്ടു സ്ഥാപനങ്ങൾ തമ്മിൽ ഉണ്ടാക്കിയിട്ടില്ല. കോഴിക്കോട്ടു കെട്ടിടത്തിനു കഴിഞ്ഞ എട്ടു വർഷമായി ആരൊക്കെ വിചാരിച്ചിട്ടും അതിൽ നിന്നും ഒരു വരുമാനം പോലും കെ.ടി.ഡി.എഫ്.സിക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോഴത്തെ സി.എം.ഡി ഡോ.അശോക് മുൻകൈ എടുത്തതുകൊണ്ടു മാത്രം കോഴിക്കോട് കെട്ടിടം വാടകക്ക് നല്കാൻ കഴിഞ്ഞു. എന്നാൽ നിർമാണത്തിലെ അപാകത കാരണം കെട്ടിടം രണ്ടു വർഷമായിട്ടും കൈമാറാൻ സാധിച്ചിട്ടില്ല. അത് പരിഹരിക്കാൻ ഇനി 30 കോടി രൂപ കൂടി കണ്ടെത്തണം. തിരുവനന്തപുരത്ത് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കുകയും അത് അനുസിച്ച് സർക്കാർ ഓഫീസുകൾ അങ്ങോട്ട് വാടകക്ക് മാറ്റിയത് കൊണ്ടാണ് അവിടെ മുഴുവൻ സ്ഥലത്തും ഓഫീസുകളായത്.
ഇത്രയും വാണീജ്യപരമായി പ്രാധാന്യമുള്ള സ്ഥലത്ത് എന്ത് കൊണ്ട് കെട്ടിടങ്ങൽ വാടകക്ക് പോകുന്നില്ല. കെട്ടിടങ്ങൾ പി.പി.പി മോഡലിൽ ചെയ്തിരുന്നെങ്കിൽ ഇന്ന് ഇതെല്ലാം നല്ല സമുച്ഛയങ്ങളായി മാറിയേനെ. മേൽപറഞ്ഞ പാളിച്ചകൾക്കൊന്നും കെ.എസ്.ആർ.ടി.സി ഉത്തരവാദി അല്ല. എന്നിട്ടും കെ.എസ്.ആർ.ടി.സി ആണ് പ്രതി. സർക്കാരിന്റെ ഗ്യാരന്റി ഉള്ളത് കൊണ്ട് തന്നെ രാമകൃഷ്ണ മിഷന് അവർ ചോദിച്ചപ്പോൾ ച്ചപ്പോൾ 55 കോടി രൂപ കൊടുത്തു.
അത് കെ.എസ്.ആർ.ടി.സി അല്ല കൊടുത്തത്. സർക്കാർ തന്നെയാണ് പണം കൊടുത്തത്. കെ.എസ്.ആർ.ടി.സിയുടെ ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് ലോൺ എന്ന കണക്കിൽപ്പെടുത്തിയാണ് സർക്കാർ പണം തിരികെ കൊടുത്തത്. മറ്റു നിക്ഷേപകരുടെ ആവശ്യം ഗവണ്മെന്റ് പരിശോധിച്ചു വരുന്നതിനിടെയാണ് ചിലർ കോടതിയിൽ പോയത്.
കെ.എസ്.ആർ.ടി.സിയെ എല്ലാത്തിനും കുറ്റം പറയുന്നതിനു മുൻപ് ഈ വസ്തുതകൾ മനസിലാക്കണം. നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റിയുള്ളത് കൊണ്ട് സർക്കാർ തുക മടക്കി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള ചർച്ച സർക്കാർ തലത്തിൽ നടക്കുകയാണ്. ഇതാണ് വസ്തുത എന്ന് വ്യക്തമാക്കാനാണ് ഈ പ്രസ്താവനയെന്നും അവധിയിലുള്ള സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.