ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഛത്തീസ്ഗഢിലെ 64ഉം രാജസ്ഥാനിലെ 41ഉം മധ്യപ്രദേശിലെ 57ഉം സ്ഥാനാർഥികളെയാണ് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഢിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്, സംസ്ഥാന അധ്യക്ഷൻ അരുൺ സാഒോ എന്നിവർ സ്ഥാനാർഥികളാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന രമൺ സിങ് രാജ്നന്ദ്ഗാവ് സീറ്റിലും അരുൺ സാഒോ ലോർമി സീറ്റിലും മത്സരിക്കും. എം.പിമാരായ രേണുക സിങ്ങും ഗോമതി സായിയും സ്ഥാനാർഥികളാണ്.
മിസോറമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നവംബർ 23നും തെലങ്കാനയിൽ നവംബർ 30നും വോട്ടെടുപ്പ് നടക്കും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ നവംബർ 17ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് ഭരിക്കുന്നഛത്തീസ്ഗഢിൽ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാംഘട്ടം 17നും നടക്കും.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 200 സീറ്റുകളിലേക്കും. ബി.ആർ.എസിന്റെ തെലങ്കാനയിൽ 119 സീറ്റുകളിലേക്കാണ് മത്സരം. ഛത്തീസ്ഗഡിലെ 90 സീറ്റിലേക്കും മിസോറമിലെ 40 സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.