തിരുവനന്തപുരം : വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെഎം ഷാജി. ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്. കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിനപ്പുറം ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ളാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നതെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ വിയോജിപ്പുകൾ പറയുന്നവരെ കള്ള കേസിൽ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായി നീതിയുടെ വിജയമാണിത്. പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ കൂടെ നിന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദിയെന്നും കെഎം ഷാജി ഫേസ്ബുക്കിൽ കുറിച്ചു.