പത്തനംതിട്ട : കേരളത്തെ നടുക്കിയ അതിക്രൂരമായ ഇലന്തൂർ നരബലിക്കേസ് പുറത്തുവന്നിട്ട് ഇന്നേക്ക് ഒരു വർഷം. ക്രിമിനൽ കേസിലെ ഒട്ടുമിക്ക വകുപ്പുകളും ചേർത്ത ഇലന്തൂർ നരബലിക്കേസിലെ ഒരു കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. ഇലന്തൂർ പുളിന്തിട്ട കടകംപിള്ളി വീട്ടിൽ വച്ചാണ് പ്രതികൾ നരബലി നടത്തിയത്. ധാരാളം പണം കൈയിലെത്താൻ ആഗ്രഹിച്ചാണ് നരബലി നടത്തിയതെന്ന് പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും മൊഴി നൽകിയിരുന്നു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് കേസിൽ ഒന്നാം പ്രതി.
പ്രതികൾ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി വീടിനോട് ചേർന്ന് പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ലോട്ടറി കച്ചവടക്കാരായ റോസ്‌ലിന്‍, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. നാടിനെ ആകെ ഞെട്ടിച്ച സംഭവത്തിൽ നിന്ന് തങ്ങൾ പതുക്കെ മോചിതരായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസി ജോസ് തോമസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു കേസിൽ 1600 പേജ് ഉള്ള കുറ്റപത്രം കോടതിയിൽ പോലീസ് സമർപ്പിച്ചിട്ടുണ്ട്. റോസിലിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ല. കാക്കനാട് ജയിലിൽ വിചാരണ തടവുകാരായി കഴിയുകയാണ് പ്രതികൾ.