ചെന്നൈ: സി.എ.എ ഉൾപ്പെടെ ജനവിരുദ്ധ നയങ്ങളെ കണ്ണുപൂട്ടി പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്ക് മുസ്‌ലിം തടവുകാരോട് പെട്ടെന്ന് സ്നേഹം തോന്നാനുള്ള കാരണമെന്താണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.പത്ത് വർഷം എ.ഐ.എ.ഡി.എം.കെ അധികാരത്തിലിരുന്നപ്പോൾ ഈ വിഷയത്തിൽ സർക്കാരിന് പ്രത്യേകിച്ച് അനക്കമൊന്നും ഉണ്ടായിരുന്നില്ല. അന്ന് മുസ്‌ലിം തടവുകാരെ മോചിപ്പിക്കണമെന്നതിനോട് സർക്കാർ കണ്ണടച്ചതിന്‍റെ കാരണം എന്തായിരുന്നുവെന്ന് പളനിസ്വാമി വിശദീകരിക്കണം. വർഷങ്ങളോളം തടവുകാരം മോചിപ്പിക്കാൻ വേണ്ട ഒരു നടപടിയും സ്വീകരിക്കാതിരുന്ന എ.ഐ.എ.ഡി.എം.കെയുടെ പെട്ടെന്നുള്ള മുസ്‌ലിം തടവുകാരോടുള്ള സ്നേഹപ്രകടനത്തിന്‍റെ ഉദ്ദേശം ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം തടവുകാരെ വിട്ടയക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
മുസ്‌ലിം തടവുകാരെ മോചിപ്പിക്കാനായുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രമേയം പരിഗണിക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്‍റെ പരാമർശം. തടവുകാരുടെ മോചനത്തിനായി സർക്കാർ സ്വാകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
20 മുതൽ 25 വർഷത്തോളമായി ജയിലിൽ കഴിയുന്ന 36 മുസ്‌ലിം തടവുകാരെ വാർധക്യം, രോഗം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് മോചിപ്പിക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവും എ.ഐ.എ.ഡിഎം.കെ നേതാവുമായ പളനിസ്വാമി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഗണിക്കാൻ 2021, ഡിസംബർ 22ന് മദ്രാസ് ഹൈകോടതി റിട്ടയേർഡ് ജസ്റ്റിസ് എൻ. ഔതിനാഥൻ അധ്യക്ഷനായ ആറംഗ സമിതിക്ക് സർക്കാർ രൂപം നൽകിയിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. സുപ്രീം കോടതി വിധികൾക്കും നിയമത്തിനും അനുസൃതമായി പ്രത്യേക വിഭാഗങ്ങളിലെ ജീവപര്യന്തം തടവിനു വിധിച്ചവരെ മോചിപ്പിക്കാനുള്ള ശുപാർശ സർക്കാരിന് നൽകാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
10 വർഷവും 20 വർഷവും ജയിൽവാസം പൂർത്തിയാക്കിയ തടവുകാർ, പ്രായമായവർ, വിട്ടുമാറാത്ത ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, രോഗബാധിതർ, ഭിന്നശേഷിക്കാർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. 2022 ഒക്ടോബറിൽ സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ 264 തടവുകാരെ വിട്ടയക്കാൻ ശുപാർശ ചെയ്തിരുന്നു. 2023 ആഗസ്റ്റിന് 49 പേരുടെ ഫയലുകൾ സർക്കാർ ഗവർണർ ആർ.എൻ രവിക്ക് കൈമാറിയിരുന്നു. ഇതിൽ 20 പേരും മുസ്‌ലിം വിഭാഗക്കാരാണ്. ഗവർണറുടെ അനുമതി ലഭിച്ചാൽ ഇവരെ വിട്ടയക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഈ വർഷം ഒക്ടോബർ എട്ട് വരെ 335 ജീവപര്യന്ത തടവുകാരെ അകാലത്തിൽ മോചിപ്പിക്കപ്പെട്ടിരുന്നു. 566 പേരുടെ കേസുകൾ പരിഗണിച്ച ശേഷമായിരുന്നു ഉത്തരവ്.