ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം ഗസ്സയിലെ ആരോഗ്യപ്രവർത്തകരെ കരുതിക്കൂട്ടി ആക്രമിക്കുന്നതായി ആരോപണം. നേരത്തെ ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റുവെന്നും ഗസ്സ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.’അപകടകരമായ സാഹചര്യങ്ങളിലാണ് മെഡിക്കൽ ടീം സേവനം ചെയ്യുന്നത്. അവരെ സുരക്ഷിതരാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു’ -ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
ആരോഗ്യപ്രവർത്തകരെയും ആരോഗ്യസംവിധാനങ്ങളെയും കരുതിക്കൂട്ടി ആക്രമിക്കുന്നത് അന്താരാഷ്ട്ര ധാരണകൾ പ്രകാരം യുദ്ധക്കുറ്റമാണ്. ഇസ്രായേൽ യുദ്ധക്കുറ്റമാണ് ഗസ്സയിൽ ചെയ്യുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളെയും സ്കൂളുകളെയും അഭയാർഥി ക്യാമ്പുകളെയും വരെ ഇസ്രായേൽ വ്യോമാക്രമണം ലക്ഷ്യമിടുകയാണ്. എന്നാൽ, ഇവിടങ്ങളിൽ ഹമാസ് പോരാളികൾ താവളമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നത്.
ഇസ്രയേൽ സൈന്യം യുദ്ധത്തിന്‍റെ അഞ്ചാം ദിവസവും വ്യോമാക്രമണം തുടരുകയാണ് ഗസ്സയിൽ. കൊല്ലപ്പെട്ടവരുടെ എണ്ണം 950 പിന്നിട്ടു. 5000ഓളം പേർക്ക് പരിക്കേറ്റു. ഇസ്രായേലിൽ ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2800ഓളം പേർക്ക് പരിക്കേറ്റു.സമ്പൂർണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയിൽ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.