അമേരിക്കൻ സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാൻ പോകുന്നതായി റിപ്പോർട്ട്. ഏതാനും മാസങ്ങൾക്ക് ശേഷം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ നെറ്റ്ഫ്ലിക്സ് ഉയർത്തിയേക്കുമെന്ന് വാൾസ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ വർധനവ് സംഭവിക്കാം.യു.എസിലും കാനഡയിലും തുടക്കത്തിലും ശേഷം തങ്ങളുടെ “ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ” പുതിയ കൂട്ടിയ നിരക്കുകൾ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇന്ത്യയെ കുറിച്ച് പരാമർശമൊന്നുമില്ലെങ്കിലും ആഗോളതലത്തിൽ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് സ്ട്രീമിങ് ഭീമൻ ലക്ഷ്യമിടുന്നത്.
–
കഴിഞ്ഞ വർഷമാണ് അവസാനമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിച്ചത്. കൂടാതെ, ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന്റെ പാസ്വേഡ് പങ്കിടുന്നത് നിർത്തലാക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളുമായി അക്കൗണ്ട് പങ്കിടുന്നത് അവസാനിപ്പിച്ച് വീട്ടിലുള്ളവരുമായി മാത്രം പങ്കിട്ട് ഉപയോഗിക്കാൻ കഴിയും വിധം നെറ്റ്ഫ്ലിക്സിനെ മാറ്റുകയുമാണ് ചെയ്തത്.
പാസ്‍വേഡ് അനിയന്ത്രിതമായി പങ്കുവെക്കുന്നത് തടയാനായി ബോറോവർ, ഷെയേർഡ് അക്കൗണ്ട് ഫീച്ചറും ചില രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചു. അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണീ ഫീച്ചർ.
പാസ്‌വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് ശേഷം കമ്പനിക്ക് ഒട്ടേറെ പുതിയ വരിക്കാരെ ലഭിക്കുകയുണ്ടായി. 2023-ന്റെ രണ്ടാം പാദത്തിൽ, നെറ്റ്ഫ്ലിക്സ് ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്ക്രൈബർമാരെ ചേർത്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.