കോഴിക്കോട് > ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ അഴിമതി ആരോപണം സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ തുടർച്ചയാണെന്ന് ഡിവൈഎഫ്‌ഐ. വ്യാജവാർത്താ പരമ്പരയ്‌ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരൻ കോഴ വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നു. ചില മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളെല്ലാം പൊളിഞ്ഞു. തട്ടിപ്പുകാരൻ മന്ത്രിയുടെ ബന്ധുവാണെന്ന് വരെ പ്രചരിപ്പിച്ചു. ആരോപണം ഉന്നയിച്ചയാൾ പ്രതിയാകുന്നിടത്തേക്ക് കാര്യങ്ങളെത്തി. ആരോഗ്യമന്ത്രിക്കെതിരെ നിരന്തരം കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൃദ്യം പദ്ധതി, കാസർകോട്ടെ ഭക്ഷ്യവിഷബാധ, നിപാ പ്രതിരോധം തുടങ്ങിയ സംഭവങ്ങളിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പ്രചരിപ്പിച്ചത്. ചിലരുടെ പിആർ ഏജൻസികളായി പ്രവർത്തിക്കുകയാണ് ചില മാധ്യമപ്രവർത്തകർ. ഇരട്ടവേതനം പറ്റുന്നവരായി അവരിൽ ചിലർ മാറിയിട്ടുണ്ട്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള നീക്കം അപലപനീയമാണ്. പ്രതിപക്ഷ പാർടികളെ വേട്ടയാടാനും മാധ്യമങ്ങളെ വരുതിയിലാക്കാനും കേരളത്തിൽ സഹകരണ സ്ഥാപനങ്ങളെ തകർക്കാനും ഇഡിയെ കരുവാക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കരുത് എന്ന ആവശ്യമുന്നയിച്ച് 19ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച് നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ സെക്രട്ടറി പി സി ഷൈജു എന്നിവരും പങ്കെടുത്തു.