ഇസ്താംബുൾ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ. പാർലമെന്റിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കൊലയാണെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധത്തിനും ധാർമികതയുണ്ട്. എന്നാൽ, ഇസ്രായേൽ ഇത് ലംഘിക്കുകയാണ്. ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും വകവെക്കാതെയാണ് ഇസ്രായേൽ ആക്രമണം. സിവിലിയൻമാർ താമസിക്കുന്ന വീടുകൾക്ക് നേരെ ഇസ്രായേൽ ബോംബ് വർഷിക്കുകയാണ്. ലജ്ജാകരമായ രീതികൾ ഉപയോഗിച്ച് ഇസ്രായേൽ ചെയ്യുന്നത് യുദ്ധമല്ല, കൂട്ടക്കൊലയാണെന്നും ഉർദുഗാൻ പറഞ്ഞു.
ലോകരാജ്യങ്ങൾ ഒരു വിഭാഗത്തെ മാത്രം പിന്തുണക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന് ഭക്ഷണവും വെള്ളവും പോലും നിഷേധിച്ചുള്ള ഇസ്രായേൽ നടപടിയെയാണ് ഉർദുഗാൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. ഗസ്സയിലേക്കുള്ള ഇന്ധനവിതരണം ഇസ്രായേൽ നിർത്തിയതോടെ അവിടത്തെ ഏക വൈദ്യുതിനിലയം പ്രവർത്തനം നിർത്തിയിരുന്നു. ഇതോടെ ഗസ്സ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.