തിരുവനന്തപുരം: കേരളീയം ഭാവി കേരളത്തിന് പുതുവഴി തുറക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. കേരളീയം 2023 ന് ആശംസയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. കൂടാതെ വിദ്യഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലകളിലും വലിയ സംഭാവനകൾ നൽകാൻ കേരളത്തിന് കഴിയും. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് പുതിയ പാത തുറക്കാൻ കേരളീയം 2023 ലൂടെ കഴിയും. കേരളീയത്തിൽ നിന്നുയരുന്ന ചർച്ചകൾ പൊതുഇടങ്ങളിലെല്ലാം ചർച്ചയാവണം-അദ്ദേഹം പറഞ്ഞു.
2022 ജനുവരിയിലാണ് എസ്. സോമനാഥ് ഐഎസ്ആർഒ മേധാവിയായി ചുമതലയേൽക്കുന്നത്. ചുമതലയേറ്റ് തൊട്ടടുത്ത വർഷം തന്നെ ബഹിരാകാശ രംഗത്ത് ഇന്ത്യയെ നേട്ടത്തിന്റെ നെറുകയിലെത്തിച്ച അദ്ദേഹം ഇന്ന് ബഹിരാകാശ മേഖലയിൽ 35 വർഷത്തിലേറെ പരിചയമുള്ള എയ്‌റോസ്‌പേസ് എൻജിനീയറാണ്. ഒരു സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച് കേരളത്തിലെ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം സ്പേസ് മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് പറഞ്ഞു. ഡോ. വിക്രം സാരാഭായ് തിരുവനന്തപുരത്തെ തുമ്പയിൽ റോക്കറ്റ് വിക്ഷേപണത്തിൻറെ ആദ്യ ചുവടുവെയ്പുകൾ നടത്തിയ ശേഷമാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത്. അവിടെ പ്രവർത്തിക്കാൻ എനിക്കും കഴിഞ്ഞു. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ രാജ്യത്തിന്റെ അഭിമാനമുയർത്താൻ സാധിച്ചു.
ലോകത്ത് എവിടെച്ചെന്നാലും ഇന്ന് മലയാളി സാന്നിധ്യം കാണാൻ കഴിയും. ശാസ്ത്രം, സാങ്കേതിക വിദ്യ, മാനേജ്മെൻറ്, സംരംഭകത്വം തുടങ്ങിയ മേഖലയിലെല്ലാം മലയാളികൾ ലോകത്തിന്റെ പല കോണുകളിലുമെത്തി വ്യക്തിമുദ്ര പതിപ്പിക്കുകയും ഉന്നതമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. റോക്കറ്റ് മേഖലയിലെ നേതൃനിരയിലേക്കും ഒട്ടേറെ മലയാളികൾ എത്തിയിട്ടുണ്ട്. ഇതെല്ലാം കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരളത്തിന് പുതുവഴി തുറക്കാൻ കേരളീയത്തിലെ ചർച്ചകൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.