അബുദാബി : യുഎഇയില്‍ അനധികൃതമായി റോഡ് മുറിച്ച് കടക്കുകയും കാല് നട ക്രോസിംഗുകളില്‍ നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുകയും ചെയ്യുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നൽകി പോലീസ്. നിയമ ലംഘകരിൽ നിന്ന് 500 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഉമ്മുൽ ഖുവൈൻ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിനും ആരംഭിച്ചു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ അപടകങ്ങള്‍ക്കും ചിലപ്പോള്‍ ജീവന് തന്നെ നഷ്ടമാകാനും കാരണമാകുമെന്ന ഓര്‍മപ്പെടുത്തലോടെയാണ് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റോഡ് മുറിച്ച് കടക്കുന്നതിന് കാല്‍നട ക്രോസിംഗുകള്‍ മാത്രം ഉപയോഗിക്കണമെന്ന് പൊതു ജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്കി. കാല് നട ക്രോസിംഗുകളില്‍ യാത്രക്കാരുടെ അവകാശം സംരക്ഷിക്കാന്‍ വാഹനം ഓടിക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് പോലീസ് ഓര്‍മിപ്പിച്ചു. ഇത്തരം ക്രോസിംഗുകളില്‍ മുഴുവന്‍ ആളുകളും കടന്നു പോകുന്നത് വരെ വാഹനം നിര്‍ത്തിയിടണമെന്നും പോലീസ് ഡ്രൈവര്‍മാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. ഇതിന് പുറമേ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. നിശ്ചിത സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്ന യാത്രക്കാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.