തിരുവനന്തപുരം : സ്റ്റുഡന്റ് പോലീസ് കെഡറ്റ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നു സര്‍ക്കാര്‍ ഉത്തരവ്.യൂണിഫോം ധരിക്കുമ്പോള്‍ ഹിജാബ് (തല മൂടുന്ന സ്‌കാര്‍ഫ്) അനുവദിക്കണമെന്ന ഒരു വിദ്യാര്‍ഥിനിയുടെ ആവശ്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. മതപരമായ വസ്ത്രങ്ങള്‍ സംസ്ഥാനത്തിന്റെ മതനിരപേക്ഷ നിലപാടിനു തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പോലീസിന്റെ പ്രത്യേക വിഭാഗമാണ് സ്റ്റുഡന്റ് പോലീസ് കെഡറ്റ്. കഴിഞ്ഞ വര്‍ഷം പദ്ധതിയില്‍ അംഗമായ കുറ്റ്യാടിയിലെ വിദ്യാര്‍ഥിനിയാണ് മുസ്ലിം ആയതിനാല്‍ മതാചരത്തിന്റെ ഭാഗമായ ഹിജാബും നീളന്‍ കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ കുട്ടിയുടെ ഭാഗം കൂടി കേള്‍ക്കാന്‍ ഹിയറിങ് നടത്തി തീരുമാനമെടുക്കാന്‍ കോടതി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി. മതാചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നതായിരുന്നു വിദ്യാര്‍ഥിനിയുടെ വാദം. എന്നാല്‍, സ്റ്റുഡന്റ് പോലീസില്‍ അംഗമാവുകയെന്നതു നിര്‍ബന്ധമുള്ള കാര്യമല്ലാത്തതിനാല്‍ ഇതിനു പ്രസക്തിയില്ലെന്നു സര്‍ക്കാര്‍ വിലയിരുത്തി. പോലീസിനു സമാനമായ, ലിംഗഭേദമില്ലാത്തതാണ് സ്റ്റുഡന്റ് പോലീസ് കെഡറ്റ് യൂണിഫോം.
സേനകളിലോ എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പോലുള്ള സംവിധാനങ്ങളിലോ മതപരമായ വസ്ത്രങ്ങള്‍ അനുവദിച്ചിട്ടില്ല. മറ്റാരില്‍ നിന്നും ഇത്തരം ആവശ്യമുയര്‍ന്നിട്ടില്ല. ഈ ആവശ്യം അംഗീകരിച്ചാല്‍ സേനയുടെ ഐക്യവും മതനിരപേക്ഷ മുഖവും നഷ്ടമാകുമെന്നും കാണിച്ചു സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫിസര്‍ സര്‍ക്കാരിനെ എതിര്‍പ്പറിയിച്ചു. ഇത് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി ഹൈക്കോടതിയെ തീരുമാനം അറിയിച്ചു.