ന്യൂഡൽഹി ∙ ബിഹാറിലെ ബക്സറിൽ ബുധനാഴ്ച രാത്രി ഡൽഹി – കാമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി 4 പേർ മരിക്കാനും 70 പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയത് പാളത്തിലെ തകരാർ മൂലമാണെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. രഘുനാഥ്പുർ സ്റ്റേഷൻ വിട്ടയുടൻ രാത്രി 9.52ന് ആയിരുന്നു അപകടം. ട്രെയിനിന്റെ 22 കംപാർട്മെന്റുകളും എൻജിനും പാളംതെറ്റി. 4 എസി കംപാർട്മെന്റുകൾ തലകീഴായി മറിഞ്ഞു.
അസമിലേക്കു പോവുകയായിരുന്ന കുടുംബത്തിലെ അമ്മയും 8 വയസ്സുകാരി മകളും മരിച്ചവരിൽ പെടുന്നു. പിതാവിന് ഗുരുതരമായ പരുക്കുണ്ട്. അപകടത്തെത്തുടർന്ന് തകരാറിലായ പാളം, വൈദ്യുതി ലൈൻ, സിഗ്നൽ സംവിധാനം എന്നിവ ശരിയാക്കാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുള്ള 21 ട്രെയിനുകൾ വഴിതിരിച്ചുവിട്ടിരിക്കയാണ്. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.