ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയും എച്ച്.ആർ മാനേജർ അമിത് ചക്രവർത്തിയും സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. യു.എ.പി.എ കേസിൽ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് ഇരുവരും ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി. പരാതിക്ക് അടിസ്ഥാനമില്ലാത്തതിനാൽ തള്ളുന്നുവെന്നാണ് ജഡ്ജി തുഷാർ റാവു ഗെഡേല വിധി പുറപ്പെടുവിച്ചത്.
ഒക്ടോബർ 10 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇവർ. ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, സഹപ്രവർത്തകരായ ജോസഫ് ചക്രവർത്തി, അമിത് ചക്രവർത്തിയുടെ സഹോദരൻ അനൂപ് ചക്രവർത്തി, വിർച്യൂനെറ്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് പ്രമോട്ടർ ബപാദിത്യ സിൻഹ എന്നിവർക്ക് വിദേശ ഫണ്ട് നിയമവിരുദ്ധമായ രീതിയിൽ എത്തുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് ബുധനാഴ്ച കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്. ന്യൂസ് ക്ലിക് ഓഹരിയുടമ ഗൗതം നവ്ലാഖ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ സഹപ്രവർത്തകരായ ജാവേദ് ആനന്ദ്, താമര, ജിബ്രാൻ, ഊർമിളേഷ്, ആരാത്രിക ഹാൽദർ, പരഞ്ജയ് ഗുഹ തകുർത്ത, ട്രിന ശങ്കർ, അഭിസർ ശർമ എന്നിവർക്ക് ഈ പണം നൽകിയിട്ടുമുണ്ട്. ഇവർ പൊലീസ് നിരീക്ഷണത്തിലാണെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് കേന്ദ്രങ്ങൾ വിശദീകരിച്ചു.
കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടേതല്ല, തർക്ക പ്രദേശങ്ങളാണെന്ന വ്യാഖ്യാനം നടത്തി. പുരകായസ്ത, അമേരിക്കൻ കോടീശ്വരൻ നെവില്ലെ റോയ് സിംഘം, അയാളുടെ ഷാങ്ഹായ് കമ്പനിയിലെ ചില ചൈനീസ് ജീവനക്കാർ എന്നിവർക്കിടയിലെ ഇ-മെയിൽ സന്ദേശങ്ങളിൽ ഈ സൂചനയുള്ളതായി രഹസ്യവിവരമുണ്ട്. കർഷക സമരത്തിനിടയിൽ അവശ്യ സാധന-സേവന ലഭ്യത തടസ്സപ്പെടുത്താൻ ശ്രമിച്ചു. കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ ശ്രമങ്ങളെ മോശമാക്കി പ്രചരിപ്പിച്ചു. വെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.