തിരുവനന്തപുരം> കേരളത്തിന്റെ സാമൂഹ്യപരിവർത്തന മുന്നേറ്റത്തിന് ധീരമായ നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ പണ്ഡിറ്റ് കെ പി കറുപ്പൻ സ്‌മരണയെ അപമാനിച്ചതിന് നടൻ സുരേഷ് ഗോപി മാപ്പുപറയണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഉൽകൃഷ്ടമായ സാഹിത്യ സംഭാവനകളിലൂടെ അദ്ദേഹം ജാതിമേധാവിത്തത്തേയും അതിനു ചൂട്ടുപിടിച്ച പൗരോഹിത്യ ബ്രാഹ്മണ്യത്തേയും ശക്തമായി വിമർശിച്ചു. ജീവിക്കാനുള്ള സഹനസമരങ്ങളിൽ ദളിത് പിന്നോക്ക സമുഹത്തിനോടൊപ്പം നിന്നു. അദ്ദേഹം മുൻകയ്യെടുത്ത് നടത്തിയ അധ:സ്ഥിതരുടെ കായൽ സമ്മേളനം കേരളചരിത്രത്തിലെ ആവേശകരമായ അധ്യായമാണ്. പണ്ഡിറ്റ് കറുപ്പൻ മാഷിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹത്തായ ആ സ്മരണയെ തീർത്തും അപമാനിക്കുന്ന പ്രഭാഷണമാണ് സുരേഷ് ഗോപി നടത്തിയത്. കറുപ്പൻ മാഷ് സ്വജീവൻ തൃണവൽഗണിച്ച് പോരാടി തോൽപ്പിച്ച ജാതിമേധാവിത്തത്തേയും തൊട്ടുകൂടായ്മയേയും ബ്രാഹ്മണ പൗരോഹിത്യാധികാരത്തേയും പുരസ്‌കാരം ഏറ്റുവാങ്ങൽ ചടങ്ങിൽ വാഴ്‌ത്തുകയായിരുന്നു സുരേഷ് ഗോപി.
എറണാകുളത്തെ സംഘപരിവാർ വേദിയിലാണ് സുരേഷ് ഗോപി നവോത്ഥാനനായകർക്ക് അപമാനകരമായ പ്രസ്താവന നടത്തിയത്. കൃത്യമായ താൽപര്യങ്ങളോടെയായിരുന്നു ഇത്. നവോത്ഥാനവും അതിന്റെ ജനാധിപത്യ വെളിച്ചവുമാണ് കേരളത്തിലേക്കുള്ള തങ്ങളുടെ പ്രവേശനത്ത തടസ്സപ്പെടുത്തുന്നതെന്ന് ആർഎസ്എസും ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിയാവുന്ന മട്ടിൽ നവോത്ഥാന നായകരെ ദുർവ്യാഖ്യാനം ചെയ്യാനും അപമാനിക്കാനും അവഗണിക്കാനും തമസ്‌കരിക്കാനും അവർ കിണഞ്ഞു ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഒരുവർഷം മുമ്പ് ശ്രീനാരായണഗുരുവിനെ മുൻനിർത്തിയുള്ള കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് പരേഡിൽ കേന്ദ്രസർക്കാർ നിരോധനം കൊണ്ടുവന്നത്. ധീരനായ അയ്യങ്കാളിയെ അപമാനിച്ചു കൊണ്ടുള്ള പരാമർശങ്ങൾ ചില സംഘപരിവാർ പ്രൊഫൈലുകളിൽനിന്ന് അടുത്ത കാലത്തുണ്ടായതും ഓർക്കുക.
നവോത്ഥാനത്തിനും അതു മുന്നോട്ടുവെച്ച മതേതരത്വത്തിനും ജനാധിപത്യവൽക്കരണത്തിനുമെതിരെ ആർഎസ്എസ് നിരന്തരമായി നടത്തുന്ന കടന്നാക്രമണത്തെ പ്രതിരോധിക്കാൻ സാംസ്‌കാരിക പ്രവർത്തകർ രംഗത്തിറങ്ങണമെന്നും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.